നിങ്ങള്‍ ഇസ്‌ലാമിനെ രക്ഷിക്കേണ്ട , ശിക്ഷിക്കാതിരുന്നാല്‍ മതി; വിമര്‍ശിച്ചവരോട് കെടി ജലീല്‍

നിങ്ങള്‍ ഇസ്‌ലാമിനെ രക്ഷിക്കേണ്ട , ശിക്ഷിക്കാതിരുന്നാല്‍ മതി; വിമര്‍ശിച്ചവരോട് കെടി ജലീല്‍

മലപ്പുറം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ വിമര്‍ശിച്ചവരെ എതിര്‍ത്ത് മന്ത്രി കെടി ജലീല്‍. മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിങ് എന്ന നിലയില്‍ തന്റെ ചില അനുഭവങ്ങള്‍ മാത്രമാണ് പങ്കുവെച്ചതെന്നും ഇസ്‌ലാമിനെ സംബന്ധിച്ചോ മാനവ സംസ്‌കാരത്തിന്റെ ബാലപാഠത്തെകുറിച്ചോ അറിയാത്തവരാണ് വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയനായിഡു മിതവാദമുഖമുള്ള നേതാവാണെന്ന് പറഞ്ഞായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

‘ഇന്‍ഡ്യന്‍ വൈസ് പ്രസിഡണ്ട് ആ പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ രാജ്യത്തിന്റെ രണ്ടാമത്തെ പൗരനാണ് . ഈ സ്ഥാനത്തിരുന്ന ഒരാള്‍ പിന്നീട് രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ചരിത്രവുമില്ല . ഏതൊരാളിലും നന്‍മ തിന്‍മകള്‍ സ്വാഭാവികമാണ് . എപ്പോഴും ഒരാളിലെ നെഗറ്റീവ് തേടിയല്ല പോകേണ്ടത് . അയാളിലെ നന്‍മയുടെ തലം പ്രക്ഷേപിച്ച് കാണിക്കാനാണ് ഒരു സംസ്‌കൃതചിത്തന്‍ ശ്രമിക്കേണ്ടത് . വെങ്കയ്യ നായിഡുവിന്റെ പൂര്‍വ്വകാല രാഷ്ട്രീയമെന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം . അന്നതിനെ നമ്മളൊക്കെ വിമര്‍ശിച്ചിട്ടുമുണ്ട് . അപ്പോള്‍ പോലും അദ്ദേഹത്തിലെ നന്മയുടെ മുഖം ആരാലും വിസ്മരിക്കപ്പെട്ടിട്ടില്ലെന്ന് ഓര്‍ക്കണം.’ അദ്ദേഹം പറയുന്നു.

‘ എന്റെ പല പോസ്റ്റുകള്‍ക്കും താഴെ ചില ലീഗുകാരും SDPI ജമാഅത്തെ ഇസ്ലാമി കുഞ്ഞാടുകളും പ്രതികരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ എനിക്കുപയോഗിക്കാന്‍ കഴിയാത്തത് ഞനവരെപ്പോലെ അല്ലാത്തത് കൊണ്ടാണ് . അവര്‍ അവരുടെ സംസ്‌കാരം പ്രകടിപ്പിക്കുന്നു , ഞാന്‍ എന്റേതും.’ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്ലീസ് – നിങ്ങൾ ഇസ്ലാമിനെ രക്ഷിക്കേണ്ട , ശിക്ഷിക്കാതിരുന്നാൽ മതി .
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗ് എന്ന നിലയില്‍ എന്റെ ചില അനുഭവങ്ങള്‍ നല്ല വാക്കുകളില്‍ പങ്കുവെച്ചത് ചില വിവരദോഷികള്‍ വിമര്‍ശിച്ചത് കണ്ടു . ഇസ്ലാമിനെ സംബന്ധിച്ചോ മാനവ സംസ്‌കാരത്തിന്റെ ബാലപാഠത്തെക്കുറിച്ചോ അറിയത്തവരാണവരെന്ന് പറയേണ്ടി വന്നതില്‍ ദു:ഖമുണ്ട് .

ഇന്‍ഡ്യന്‍ വൈസ് പ്രസിഡണ്ട് ആ പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ രാജ്യത്തിന്റെ രണ്ടാമത്തെ പൗരനാണ് . ഈ സ്ഥാനത്തിരുന്ന ഒരാള്‍ പിന്നീട് രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ചരിത്രവുമില്ല . ഏതൊരാളിലും നന്‍മ തിന്‍മകള്‍ സ്വാഭാവികമാണ് . എപ്പോഴും ഒരാളിലെ നെഗറ്റീവ് തേടിയല്ല പോകേണ്ടത് . അയാളിലെ നന്‍മയുടെ തലം പ്രക്ഷേപിച്ച് കാണിക്കാനാണ് ഒരു സംസ്‌കൃതചിത്തന്‍ ശ്രമിക്കേണ്ടത് . വെങ്കയ്യ നായിഡുവിന്റെ പൂര്‍വ്വകാല രാഷ്ട്രീയമെന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം . അന്നതിനെ നമ്മളൊക്കെ വിമര്‍ശിച്ചിട്ടുമുണ്ട് . അപ്പോള്‍ പോലും അദ്ദേഹത്തിലെ നന്മയുടെ മുഖം ആരാലും വിസ്മരിക്കപ്പെട്ടിട്ടില്ലെന്ന് ഓര്‍ക്കണം . ‘ഒരാളുടെ തെറ്റുകളെ നിങ്ങള്‍ മറച്ചു വെച്ചാല്‍ ദൈവം നിങ്ങളുടെ തെറ്റുകളെയും പരലോകത്ത് മറച്ച് വെക്കും’ (നബിവചനം) . എന്റെ പല പോസ്റ്റുകള്‍ക്കും താഴെ ചില ലീഗുകാരും SDPI ജമാഅത്തെ ഇസ്ലാമി കുഞ്ഞാടുകളും പ്രതികരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ എനിക്കുപയോഗിക്കാന്‍ കഴിയാത്തത് ഞനവരെപ്പോലെ അല്ലാത്തത് കൊണ്ടാണ് . അവര്‍ അവരുടെ സംസ്‌കാരം പ്രകടിപ്പിക്കുന്നു , ഞാന്‍ എന്റേതും .

ഒരിക്കല്‍ പ്രവാചകനോട് ഒരാള്‍ ചോദിച്ചു ; എന്താണ് മതം ? അതിനദ്ദേഹം നല്‍കിയ മറുപടി , എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്നാഗ്രഹിക്കലാണ് മതമെന്നാണ് . സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഒരുക്കുന്ന കാഴ്ചകളും എഴുതിപ്പിടിപ്പിക്കുന്ന വാക്കുകളും ഏത് മതത്തെ ഉയര്‍ത്തിക്കാണിക്കാനുദ്ദേശിച്ചാണോ അവര്‍ ചെയ്യുന്നത് ആ വിശ്വാസത്തോട് അവ കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും അറപ്പും വെറുപ്പുമേ തോന്നിക്കുകയുള്ളൂ .

ആകാശം ഇടിഞ്ഞ് വീണാലും ഭൂമി പിളര്‍ന്നാലും എനിക്ക് ശരിയെന്ന് തോന്നുന്നത് പരമാവധി നല്ല വാക്കുകളില്‍ ഞാന്‍ പറയും . വിമര്‍ശിക്കുമ്പോഴും അങ്ങിനെത്തന്നെ . പലരുമോര്‍ക്കുന്നുണ്ടാകും , കുഞ്ഞാലിക്കുട്ടി സാഹിബിനെക്കുറിച്ച് ഒരു ചാനല്‍ ഇന്റെര്‍വ്യൂവില്‍ എന്നോട് ചോദിച്ചപ്പോഴുള്ള എന്റെ പ്രതികരണം . അതിന്റെ ക്ലിപ്പിംഗ് പ്രചരിപ്പിക്കലായിരുന്നു ആ സമയത്ത് പലരുടെയും മുഖ്യതൊഴില്‍ . ആരില്‍ നിന്നും ഒന്നും നേടാന്‍ വേണ്ടിയല്ല അതൊന്നും പറഞ്ഞത് . ആ അഭിപ്രായത്തില്‍ ഒരു മാറ്റവുമില്ല . ആരുടേയയെങ്കിലും വടിയും വമ്പും കണ്ട് പേടിക്കുന്നവനല്ല ഈയുള്ളവനെന്ന് ഇനിയെങ്കിലും അത്തരക്കാര്‍ മനസ്സിലാക്കുക . ‘നിങ്ങളുടെ ദര്‍ശനത്തിലേക്ക് ആളുകളെ ക്ഷണിക്കേണ്ടത് നല്ല വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയുമാണ്’. (വിശുദ്ധ ഖുര്‍ആന്‍). ഇസ്ലാം തെറ്റിദ്ധരിക്കപ്പെട്ടത് ശത്രുക്കളുടെ കുപ്രചരണം കൊണ്ടല്ല മുസ്ലിങ്ങളെന്ന് സ്വയം പരിചയപ്പെടുത്തുന്ന എന്നാല്‍ ഇസ്ലാം എന്ന വാക്കിനോട് ഉറക്കത്തില്‍ പോലും നീതി പുലര്‍ത്താത്ത കുടുസ്സായ മനസ്സിനുടമകളായവരുടെ വാക്കുകള്‍കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടുമാണ് . പ്ലീസ് ഇത്തരക്കാര്‍ ഇസ്ലാമിനെ രക്ഷിക്കേണ്ട , ശിക്ഷിക്കാതിരുന്നാല്‍ മതി .

Sharing is caring!