പഞ്ചാബില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യയുടെ പേരില്‍ ജുമാ മസ്ജിദ് കം ഇസ്ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട്

പഞ്ചാബില്‍ പാണക്കാട് മുഹമ്മദലി  ശിഹാബ് തങ്ങളുടെ ഭാര്യയുടെ പേരില്‍  ജുമാ മസ്ജിദ് കം ഇസ്ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട്

മലപ്പുറം: പഞ്ചാബിലെ മാന്‍സയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ, ശരീഫ ഫാത്തിമ ബീവിയുടെ നാമധേയത്തില്‍ സ്ഥാപിച്ച ജുമാ മസ്ജിദ് കം ഇസ്ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജുമുഅ നമസ്‌കാരത്തിനാണ് പള്ളി തുറന്ന് കൊടുത്തത്. കോട്ട്‌ലയില്‍ നിര്‍മ്മിച്ച മറ്റൊരു നമസ്‌കാര പള്ളിയുടെ ഉദ്ഘാടനവും അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി നിര്‍വ്വഹിച്ചു. മതപരമായും വിദ്യാഭ്യാസപരമായും തകര്‍ന്നടിഞ്ഞ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സംരഭങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പഞ്ചാബില്‍ നിര്‍മ്മിച്ച പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ, ഹരിയാനക്കാരനായ കാലാ ഖാന്‍ ,ഹരിയാന മുസ്ലിംകള്‍ക്കും ഇതുപോലൊരു പള്ളി വേണമെന്ന് ആവശ്യപ്പെടുകയും, തന്റെ ജീവിതാഭിലാഷം പങ്ക് വെച്ച് സഫലീകരണത്തിന് കാത്ത് നില്‍ക്കാതെ, നിമിഷങ്ങള്‍ക്കകം തന്നെ അണപൊട്ടിയ ആഗ്രഹം ബാക്കിവെച്ച് ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി വിടവാങ്ങിയ രംഗം, അവിടെ ഒത്തു കൂടിയ എല്ലാവരെയും വലിയ നടുക്കത്തിലാഴ്ത്തി. പളളി അങ്കണത്തില്‍ വെച്ച് തന്നെ മരണമടഞ്ഞ ഇദ്ദേഹത്തിന്റെ മരണാനന്തര ക്രിയകള്‍ക്ക് ആവശ്യമായ മുഴുവന്‍ തുകയും ഏറ്റെടുത്ത് അദ്ദേഹത്തിനൊരു വീട് വെച്ച് നല്‍കാന്‍ ഒരു കെ.എം.സി.സി നേതാവ് മുന്നോട്ട് വന്നു.

നൂറു കണക്കിന് പ്രദേശ വാസികളാണ് വളരെ ആവേശത്തോടെ ഒരു ഉത്സവ പ്രതീതിയില്‍ കാലത്ത് തന്നെ ഉദ്ഘാടന ചടങ്ങിനെത്തിയത്. ചടങ്ങിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബശീര്‍ എം.പി. നിര്‍വ്വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, മുസ്ഥഫ ഉസ്മാന്‍, സി .കെ. സുബൈര്‍, ടി.പി. അശ്‌റഫലി, റാശിദ് ഗസ്സാലി, എന്‍.എ .കരീം, അഹ്മദ് സാജു, ഡോ. ഷാനിദ്, മുജീബ് ജൈഹൂന്‍, സൈനുല്‍ ആബിദീന്‍ ഹുദവി, അബ്ദു ലതീഫ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Sharing is caring!