മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടല്‍ നടപടി പ്രതിഷേധാർഹം; ദോഹ കള്‍ച്ചറല്‍ ഫോറം

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടല്‍ നടപടി പ്രതിഷേധാർഹം; ദോഹ കള്‍ച്ചറല്‍ ഫോറം

ദോഹ: പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടിയ നടപടി മലപ്പുറം ജില്ലയോടുള്ള ഭരണാധികാരികളുടെ കടുത്ത അവഗണനയുടെ തനിയാവര്‍ത്തനമാണെന്ന് കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം-പാലക്കാട് ജില്ലകളിലുള്ളവരുടെ പാസ്പോർട്ട് സേവനങ്ങൾക്ക് ആശ്രയമായിരുന്ന ഓഫീസ് അടച്ചുപൂട്ടിയത് തികഞ്ഞ ലാഭേഛയുടെയും മുന്‍വിധിയുടെയും അടിസ്ഥാനത്തിലാണ്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോര്‍ട്ട് ഓഫീസുകളിൽ ഒന്നാണ് മലപ്പുറത്തേത്.
ഓഫീസ് അടച്ചുപൂട്ടുന്നതോടെ, നിലവിൽ കാസറഗോഡ് മുതൽ കോഴിക്കോടുവരെയുള്ള ജില്ലകളിലെ പാസ്പോർട്ട് സേവനങ്ങൾ കൈകാര്യം ചെയ്യുന്ന കോഴിക്കോട് ഓഫീസിനെ ആശ്രയിക്കുക വഴി അടിയന്തിര സേവനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള കാലതാമസം ഇരട്ടിയാകുമെന്നുള്ള ആശങ്ക പ്രവാസികള്‍ക്കിടയില്‍ ശക്തമാണ്.

വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെ ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും മാത്രമാണ് സര്‍ക്കാറിന്റെ ഈ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളതെന്നും കമ്മിറ്റി നിരീക്ഷിച്ചു. കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദലി, സെക്രട്ടറി ആരിഫ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

Sharing is caring!