ഫുട്‌ബോള്‍ മൈതാനത്തെ കണ്ണീരായി തടത്തില്‍ മുഹമ്മദ് അഷറഫ്

ഫുട്‌ബോള്‍ മൈതാനത്തെ കണ്ണീരായി തടത്തില്‍ മുഹമ്മദ് അഷറഫ്

മലപ്പുറം: ഫുട്‌ബോളിന്റെ മക്കയുടെ കണ്ണീരായ കോട്ടപ്പടിയിലെ തടത്തില്‍ മുഹമ്മദ് അഷറഫിന്റെ ഓര്‍മകളുമായി കളിയെഴുത്തുകാരന്‍ സലീം വരിക്കോടന്‍. കളി പൂര്‍ത്തിയാക്കാതെ കളിക്കളത്തില്‍ നിന്നേറ്റ പരുക്കുമായി പാതി വഴിയില്‍ ജീവിത്തില്‍ റെഡ് കാര്‍ഡ് ലഭിച്ച മലപ്പുറത്തിന്റെ പ്രിയപ്പെട്ട ‘അട്ട’യുടെ ജീവീതം വരച്ചിടുകയാണ് സലീം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. എ എസ് സി ഉച്ചാരക്കടവിനു വേണ്ടി സെവന്‍സില്‍ പ്രതിരോധ കോട്ട തീര്‍ത്ത അഷറഫ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അനസ് എടത്തൊടികയ്ക്കും, സന്ദേഷ് ജിങ്കാനുമൊപ്പം ഇന്ത്യയിലെ പ്രധാന പ്രതിരോധ താരങ്ങളിലൊരാളാകുമായിരുനെന്നാണ് മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ വിശ്വസിക്കുന്നത്.

2001 മാര്‍ച്ച് 23 വെള്ളിയാഴ്ചയാണ് അഷറഫിന്റെ മരണത്തിലേക്ക് നീണ്ട പരുക്ക് സംഭവിക്കുന്നത് മലപ്പുറത്തെ പോലീസ് പരേഡ് ഗ്രൗഡില്‍ പ്രശസ്തമായ എം എസ് പി ടൂര്‍ണമെന്റിന് ഇടയിലായിരുന്നു സംഭവം. എ വൈ സി ഉച്ചാരിക്കടവും ആലുക്കാസ് തൃശൂരും തമ്മിലുള്ള മല്‍സരത്തില്‍ ഉച്ചാരക്കടവിന്റെ പ്രതിരോധത്തില്‍ ഉരുക്കു തീര്‍ക്കുകയായിരുന്നു അഷറഫ്. നൈജിരിയയുടെ ലോക യൂത്ത് ടീം അംഗമായ ടോണിയായിരുന്നു ആലുക്കാസിന്റെ മുന്നേറ്റ നിരയിലെ കുന്തമുന. പതിനെട്ടടവും പയറ്റിയിട്ടും ടോണിക്ക് അഷറഫിന്റെ പൂട്ട് പൊളിച്ച് ഗോള്‍ കണ്ടെത്താനായില്ല. നിരാശനായടോണി മാരകമായ ഫൗളിലൂടെ അഷറഫിന്റെ താടിയെല്ല് പൊട്ടിച്ചു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അഷറഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറം ഫുട്ബാളിലെ കണ്ണീരോർമയാണ് കോട്ടപ്പടിയിലെ തടത്തിൽ മുഹമ്മദ് അഷറഫ്. പതിനാറാണ്ട് മുമ്പ് കളിക്കിടയിലെ പരിക്കുമൂലം ജീവൻ പൊലിഞ്ഞ ആ പ്രതിഭാധനനായ പന്തുകളിക്കാരന്റെ ഓർമകൾ മലബാറിലെ വിശിഷ്യാ മലപ്പുറം ജില്ലയിലെ കളി പ്രേമികളുടെ മനസ്സിൽ കണ്ണീർമഴയായ് പെയ്തിറങ്ങുകയാണിന്നും.

2001 മാർച്ച് 23 വെള്ളി -ആ ദിവസം മലപ്പുറത്തെ ഫുട്ബാൾപ്രേമികളെസംബന്ധിച്ചിടത്തോളം ഒരു ദു:ഖവെള്ളിയായിരുന്നു. അന്നായിരുന്നു അഷറഫിന്റെ ആയുസിന് വിരാമമിട്ട ലോംഗ് വിസിൽ മുഴങ്ങിയത്. മാർച്ച് മൂന്നാം വാരത്തിലെ അവസാന നാളുകളിലൊരുദിനമാണ് അഷറഫിന് സാരമായി പരിക്കേറ്റ കളി നടന്നത്. അന്ന് ചരിത്രമുറങ്ങുന്ന മലപ്പുറത്തെ പോലീസ് പരേഡ് ഗ്രൗണ്ടിൽ പ്രശസ്തമായ എം.എസ്.പി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടക്കുകയാണ്.എ.വൈ.സി. ഉച്ചാരക്കടവും ആലുക്കാസ് തൃശൂരും തമ്മിലായിരുന്നു മൽസരം. ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടമായതിനാൽ പോലീസ് മൈതാനത്തെ ചൂളമര ഗാലറി സൂചി കുത്താനിടമില്ലാത്ത വിധം ഫുട്ബാൾ പ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു. ആലുക്കാസിന്റെ ആക്രമണത്തിന്റെ കുന്തമുന നൈജീരിയൻ താരം ടോണിയാണ്. നൈജീരിയയുടെ ലോക യൂത്ത് ടീം താരം കൂടിയായിരുന്ന ടോണിയുടെ മികച്ച മുന്നേറ്റങ്ങൾ ഉച്ചാരക്കടവ് ബാക്ക് അഷറഫിന്റെ പ്രതിരോധത്തിൽ തട്ടി മടങ്ങുന്ന കാഴ്ച ആവർത്തിക്കുകയാണ്. പഠിച്ച കളി അടവുകൾ പതിനെട്ട്പയറ്റിയിട്ടും ടോണിക്ക് അഷറഫിന്റെ പ്രതിരോധ പൂട്ട് തുറക്കാനോ തകർക്കാനോ കഴിയുന്നില്ല. ഒടുവിൽ തന്റെ മുന്നേറ്റങ്ങൾ ലക്ഷ്യം കാണാത്തതിൽ നിരാശനായ ടോണി മാരകമായ ഫൗളിലൂടെ അഷറഫിനെ വീഴ്ത്തി. താടിയെല്ല് പൊട്ടിയ അഷറഫിനെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, ദിവസങ്ങൾ നീണ്ട വിദഗ്ധ ചികിത്സകൾക്ക് അഷറഫിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാൻ സാധിച്ചില്ല. ഒടുവിൽ ചികിത്സക്ക് ഫലം കാണാതെ അഷറഫ് മരണത്തിനു കീഴടങ്ങി.

അഷറഫിന്റെ മരണവൃത്താന്തം മലപ്പുറത്തെ ഫുട്ബാൾ പ്രേമികളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു.പലരും ആ വാർത്തയോട് പൊരുത്തപെടാൻ സമയമെടുത്തു.അഷറഫിന്റെ മൃതദേഹം ചെത്തു പാലം ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് മറമാടിയത്.പരേതന്റെ ജനാസ നമസ്ക്കാരത്തിന് വൻ ജനാവലിയാണ് ചെത്തുപാലംപള്ളിയിലേക്ക് ഒഴുകിയെത്തിയത്.ഖബറടക്കച്ചടങ്ങിന് സാക്ഷ്യം വഹിച്ച പലരും സങ്കടം സഹിക്കവയ്യാതെ വിതുമ്പി.പലരുടെയും വികാരപ്രകടനം കണ്ടപ്പോൾ അവരുടെ മനസിൽ അഷറഫ് എന്ന കാൽപ്പന്തുകളിക്കാരനുള്ള സവിശേഷ ഇടം ബോധ്യമായി.

മലപ്പുറം കോട്ടപ്പടി ചെറാട്ടുകുഴി റോഡിലെ തടത്തിൽ ആലിയുടെ നാലു മക്കളിൽ ഏക ആൺതരിയായിരുന്നു മൂന്നാമനായ അഷറഫ്‌. കുന്നുമ്മൽ എ.യു.പി.എസ്, മക്കരപ്പറമ്പ ജി.എച്ച്.എസ് എന്നിവിടങ്ങളിലായിരുന്നു അഷറഫിന്റെ സ്കൂൾ വിദ്യാഭ്യാസം. സ്കൂൾ പഠനകാലത്തൊന്നും അഷറഫിലെ കാൽപ്പന്തുകളിക്കാരൻ ഉണർന്നിരുന്നില്ല. ഹൈസ്കൂൾ പഠനത്തിനു ശേഷം വലിയങ്ങാടിയില മുൻ കെ.എസ്.ആർ.ടി.സി. താരം മുഹമ്മദലിക്ക പരിശീലിപ്പിച്ച ബി.ബി.സി ( ബിഗ് ബസാർ ക്ലബ്ബ്) യിലൂടെയാണ് അഷറഫിലെ ഫുട്ബാളറുടെ ജനനം. അന്നേ പന്തുപിടുത്തകാരനു മുന്നിൽ കോട്ട കെട്ടാനായിരുന്നു അഷറഫിന് ആഗ്രഹം. പിന്നീട് ജൂനിയർ സോക്കർ മലപ്പുറത്തിനും ചങ്ങനാശ്ശേരി എസ്.ബി.കോളേജിനും കളിച്ചു. ഒരിക്കൽ അണ്ടർ 21 സ്‌റ്റേറ്റിൽ മലപ്പുറം ജില്ലക്കും കളിച്ചു. ലെഫ്റ്റ് വിംഗ് ബാക്കായി ഇന്ദ്രജാല പ്രകടനം നടത്തിയിരുന്ന അഷറഫിന്റെ കളി മികവ് കണ്ട് സെവൻസിലെ പടക്കുതിരകളായ എ.വൈ.സി ഉച്ചാരക്കടവ് അവനെ സ്വന്തമാക്കി. ഉച്ചാരക്കടവിനു വേണ്ടി അഷറഫ് കെട്ടിപ്പൊക്കിയ പ്രതിരോധം സെവൻസിൽ മാത്രമല്ല ലെവൻസിലും ചർച്ചയായി.ഗോൾ ദാഹവുമായി അസ്ത്രം കണക്കെ കുതിച്ചെത്തുന്ന അക്രമകാരികളെ വിടാതെ പിടികൂടാൻ പ്രത്യേക മിടുക്കായിരുന്നു അഷറഫിന്. അതു കൊണ്ടു തന്നെ കളി പ്രേമികൾ ആ ഡിഫന്റർക്ക് ‘അട്ട’ എന്ന പേരു് നൽകി. ‘അട്ട’ എന്ന വട്ട പേര് അഷറഫിനെ സംബന്ധിച്ചിടത്തോളം ഇകഴ്ത്തലായല്ല ,മറിച്ച് അംഗീകാരമായാണ് ഫുട്ബാൾ പ്രേമികൾ കണ്ടത്. ‘അട്ട ‘അഷറഫിന് എല്ലായിടത്തും ഗാലറിയിൽ ആരാധകക്കൂട്ടമുണ്ടായിരുന്നു.അവർ അഷറഫിന്റെ പ്രതിരോധ മികവ് കാണുമ്പോഴെല്ലാം ‘അട്ട’ കീ ജയ് ‘എന്നു വിളിക്കുമായിരുന്നു.എതിരാളിയുടെ തടി മിടുക്കിൽ ഭയചകിതനാകുന്ന പ്രതിരോധക്കാരനായിരുന്നില്ല ആരോഗ്യവാനായ അഷറഫ്‌. അതുപോലെ എതിർ ടീമിൽ വമ്പൻമാർ എത്രയുണ്ടായാലും അഷറഫിന് കുലുക്കമുണ്ടായിരുന്നില്ല. എതിർ ടീം സാക്ഷാൽ ബ്രസീലായാലും പതറാതെ കളിക്കണമെന്ന് അഷറഫ് എപ്പോഴും പറയുമായിരുന്നുവെന്ന് പഴയ കൂട്ടുകാരും സഹകളിക്കാരുമായിരുന്ന നജീബ് മഞ്ഞക്കണ്ടൻ, ഷക്കീൽ പ്ലേവിൻ, അബ്ദുൽഗഫാർ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു.അഷറഫിന്റെ കേളീശൈലിയെക്കുറിച്ച് പറയാൻ കൂട്ടുകാർക്ക് കുറേയുണ്ട്. അവൻ ജീവിച്ചിരുന്നുവെങ്കിൽ അനസ് എടത്തൊടിക ,സന്ദേഷ് ജിംഗാൻ എന്നിവരെ പോലെ വലിയ പ്രതിരോധ താരമാകുമായിരുന്നുവെന്ന് കൂട്ടുകാർ സംശയം ഒട്ടുമില്ലാതെ പറയുന്നു.

എഎസ്.സി ഉച്ചാരക്കടവിനു വേണ്ടി സെവൻസിൽ അഷറഫ് കാഴ്ചവെച്ച കളി കണ്ട് രാജ്യത്തെ പല വമ്പൻ ടീമുകൾക്കും അഷറഫിലൊരു കണ്ണുണ്ടായിരുന്നു.എന്നാൽ, അതിനിടയിലാണ് അഷറഫിന്റെ ദാരുണാന്ത്യം.അഷറഫിന്റെ കളി ഓർമകൾ മനസിൽ നിറയുമ്പോഴെല്ലാം ഫുട്ബാൾ പ്രേമികളുടെ മനസ് ഇന്നും സങ്കടക്കടലാണ്. ആ മൺമറഞ്ഞ മിടുക്കനായ ഫുട്ബാളറെ കാൽപ്പന്തുകളിയുടെ ‘മക്ക’യായ മലപ്പുറം മറക്കില്ലൊരിക്കലും.

മലപ്പുറം ഫുട്ബാളിലെ കണ്ണീരോർമയാണ് കോട്ടപ്പടിയിലെ തടത്തിൽ മുഹമ്മദ് അഷറഫ്. പതിനാറാണ്ട് മുമ്പ് കളിക്കിടയിലെ പരിക്കുമൂലം…

സലീം വരിക്കോടൻ ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ನವೆಂಬರ್ 23, 2017

Sharing is caring!