മണ്ണിന്റെ മണമറിഞ്ഞ് ഞാറു നടീല്‍ മഹോല്‍സവമാക്കി മലബാര്‍ കോളേജ്‌

എടപ്പാള്‍: മലബാര്‍ എഡ്യുക്കേഷന്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റ്, മാണൂരിന്റെ ആഭിമുഖ്യത്തില്‍ വരദൂര്‍ പാടത്ത് ഞാറു നടീല്‍ മഹോല്‍സവം നടത്തി. മലബാര്‍ ഡെന്റല്‍ കോളേജിലേയും, മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലേയും വിദ്യാര്‍ഥികളും, അധ്യാപകരും, ജീവനക്കാരുമാണ് ഞാറു നടീലില്‍ പങ്കെടുത്തത്.

മലബാര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഞ്ചേക്കര്‍ പാടത്താണ് കൃഷിയിറക്കിയത്. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക മേഖലയെ കുറിച്ച് അടുത്തറിയാനും, അതില്‍ ഭാഗമാക്കാനും ഒരുക്കിയ അവസരമാണ് ഞാറു നടീല്‍ മഹോല്‍സവമെന്ന് ചാരിറ്റമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ സി പി എ ബാവഹാജി പറഞ്ഞു. മണ്ണിനെ അടുത്തറിയാനും, അവര്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെ തീന്‍മേശകളിലേക്ക് എത്തുന്നു എന്നറിയാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു വരുന്ന കാലത്ത് മനുഷ്യന്‍ മണ്ണിലേക്ക് തിരിച്ചിറങ്ങി ജൈവ രീതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതമയാണ് ഞാറു നടീല്‍ മഹോല്‍സവം കാണിച്ചു തരുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ ഹബീബ് റഹ്മാന്‍ പറഞ്ഞു.

ഞാറ് പാകമാകുമ്പോള്‍ ആഘോഷപൂര്‍വ്വം കൊയ്ത്തുല്‍സവവും സംഘടിപ്പിക്കുമെന്ന് ബാവഹാജി അറിയിച്ചു. കൃഷിയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് കാര്‍ഷിക ക്ലബ് രൂപീകരിക്കുമെന്നും അവരുടെ മേല്‍നോട്ടത്തില്‍ കൃഷിയുടെ ഓരോ ഘട്ടത്തേയും അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ ഇത്ര വിപുലമായി ഞാറു നടീല്‍ മഹോല്‍സവം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം ഇ എസ് എഞ്ചിനീയറിങ് കോളേജിലെ പ്രൊഫസര്‍ ഡോ സി പി മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമണ്യന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ എം ബി ഫൈസല്‍, വാര്‍ഡ് മെംബര്‍ ഷാജിമോള്‍ പാലത്തിങ്കല്‍, റിട്ടയേര്‍ഡ് എ ഡി എ ഷൗക്കത്ത്,ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ആര്‍ ബി വിനോദ് കുമാര്‍, മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ ജയനാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!