പിവി അന്‍വറിനെതിരെ മുഖ്യമന്ത്രിക്ക് സുധീരന്റെ പരാതി

പിവി അന്‍വറിനെതിരെ മുഖ്യമന്ത്രിക്ക് സുധീരന്റെ പരാതി

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമ ലംഘനം നടത്തിയതായി ആരോപണമുയര്‍ന്ന എംഎല്‍എക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.

നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും മാധ്യമങ്ങള്‍ തെളിവ് സഹിതം പുറത്ത് കൊണ്ട് വന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും അനുമതി ബാധകമല്ലെന്ന രീതയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. തോമസ് ചാണ്ടിയുടെ കാര്യത്തിലെന്ന പോലെ അന്‍വറിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്നത് താങ്കളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ പകര്‍പ്പ് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.


പരാതിയുടെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
ശ്രീ പി വി അന്‍വര്‍ എംഎല്‍എ ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിവരികയാണ്.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നതുള്‍പ്പടെ നിരവധി നിയമ ലംഘനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ കക്കാടം പൊയിലിലും മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലും നടത്തുന്ന വാട്ടര്‍ തീം പാര്‍ക്കുകള്‍ക്ക് യാതൊരു നിയമവും സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും അനുമതികളും ബാധകമല്ലെന്ന രീതിയില്‍ നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് മാധ്യമങ്ങള്‍ തെളിവ് സഹിതമാണ് പുറത്തു കൊണ്ടു വന്നിട്ടുള്ളത്. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് ശ്രീ അന്‍വറിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
തോമസ് ചാണ്ടിയുടെ കാര്യത്തിലെന്നപോലെ അന്‍വറിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെയും സംരക്ഷിച്ചു മുന്നോട്ടുപോകുന്നത് താങ്കളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ട് എത്രയും വേഗത്തില്‍ തന്നെ ശ്രീ അന്‍വറിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
സ്നേഹപൂര്‍വ്വം
വി എം സുധീരന്‍
ശ്രീ. പിണറായി വിജയന്‍
ബഹു മുഖ്യമന്ത്രി

Sharing is caring!