മിതവാദ മുഖമുള്ള നേതാവാണ് വെങ്കയ്യനായിഡുവെന്ന് മന്ത്രി കെടി ജലീല്‍

മിതവാദ മുഖമുള്ള നേതാവാണ് വെങ്കയ്യനായിഡുവെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപരും: ഉപരാഷ്ട്രപതിയും ബിജെപി നേതാവുമായ വെങ്കയ്യനായിഡുവിനെ പുകഴ്ത്തി മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിതവാദമുഖമുള്ള നേതാവാണ് വെങ്കയ്യനായിഡു. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ പോസിറ്റീവ് സമീപനമാണ് അദ്ദേഹത്തിനുള്ളതെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു. കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചതിന് ശേഷമുണ്ടായ അനുഭവത്തെ കുറിച്ചിട്ട പോസ്റ്റിലാണ് ഇക്കാര്യമുള്ളത്.

മതസൗഹാര്‍ദത്തെ കുറിച്ചുള്ള ഉപരാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചും മന്ത്രി പോസ്റ്റില്‍ പറയുന്നുണ്ട്. തന്റെ നാട്ടിലെ ദര്‍ഗയെ കുറിച്ച് പറഞ്ഞ ഉപരാഷ്ട്രപതിയുടെ വാക്കുകളില്‍ നിറഞ്ഞ് നിന്നത് നിഷ്‌കപടതയാണെന്നും മന്ത്രി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഉപരാഷ്ട്രപതിക്ക്
സ്വാഗതം
——————————–
ഇന്ന് കേരളത്തിലെത്തിയ ബഹുമാന്യനായ ഇന്ത്യന്‍ ഉപരാഷ്ട്രപതി ശ്രീ: വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാന്‍ ഈ വിനീതനെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നത് . കൊച്ചിയിലെ മൂന്ന് പരിപാടികളില്‍ പങ്കെടുക്കാനാണ് നായിഡുജി എത്തിയിട്ടുള്ളത് . എനിക്കു നേരത്തെ അദ്ദേഹവുമായി പരിചയമുണ്ട് . കേന്ദ്ര നഗരകാര്യ മന്ത്രിയായിരിക്കെ ഞാന്‍ മൂന്നോ നാലോ തവണ വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചിട്ടുണ്ട് . മിതവാദ മുഖമുള്ള ഈ നേതാവ് കേരളത്തിന്റെ പട്ടണ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ പോസിറ്റീവായാണ് അന്ന് പ്രതികരിച്ചത് . മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗ് എന്ന നിലയില്‍ ഗവര്‍ണര്‍ക്കൊപ്പം സ്വീകരിക്കാനെത്തിയ എന്നെ കണ്ടമാത്രയില്‍ തന്നെ പഴയ സൗഹൃദം അദ്ദേഹം മറച്ചു വെച്ചില്ല .
ഉപരാഷ്ട്രപതി ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ഒരു പറ്റം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു . അവരുമായി ഇംഗ്ലിഷില്‍ സംവദിച്ച നായിഡു തന്റെ പ്രസംഗം അവര്‍ക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കാന്‍ എന്നോട് പറഞ്ഞു . സന്തോഷത്തോടെ ഞാനതനുസരിച്ചു . ഒരു ഭാഗം തളര്‍ന്നവരെ മറ്റൊരു ഭാഗം താങ്ങാക്കി ദൈവം അനുഗ്രഹിക്കുമെന്ന് അവരില്‍ തന്നെയുള്ളവരുടെ പ്രതിഭ ചൂണ്ടിക്കാണിച്ച് നായിഡുജി കുട്ടികളെ ഓര്‍മ്മപ്പെടുത്തി . യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അവരുടെ മുഖം പ്രസന്നമായിരുന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു .
കേരളത്തിലെ മതസൗഹാര്‍ദ്ദത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ ഗ്രാമമായ കസുമുറിലെ മസ്താന്‍ വലി ദര്‍ഗ്ഗയെക്കുറിച്ച് അദ്ദേഹം വാചാലനായി . നെല്ലൂരിലെ പേരുകേട്ട സൂഫിയായിരുന്നുവെത്രെ മസ്താന്‍ വലി . മത ജാതിഭേദമില്ലാതെ ആളുകള്‍ സൂഫിയെ സ്‌നേഹിച്ചു . മരണ ശേഷം അദ്ദേഹത്തെ അടക്കം ചെയ്തിടം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയതും ദര്‍ഗ്ഗയുടെ സംരക്ഷണം ആ നാട് ഏറ്റെടുത്തതും വൈസ് പ്രസിഡണ്ട് വാക്കുകള്‍ പിശുക്കാതെ തന്നെ വിവരിച്ചു . തന്റെ ഭാര്യാ പിതാവ് പ്രസ്തുത ദര്‍ഗ്ഗയുടെ സംരക്ഷകരില്‍ പ്രമുഖന്‍ എന്ന അര്‍ത്ഥത്തില്‍ നാട്ടുകാരാല്‍ വിളിക്കപ്പെട്ടിരുന്നത് മസ്താനജാ നായിഡു എന്നായിരുന്നുവെന്നും താന്‍ ഉപരാഷ്ട്രപതിയായതിന് ശേഷം നാട്ടിലെത്തിയപ്പോള്‍ ആദ്യം സന്ദര്‍ശിച്ചത് മസ്താന്‍ വലിയുടെ ദര്‍ഗ്ഗയായിരുന്നുവെന്നും പറഞ്ഞ് വെക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞ് നിന്നത് നിഷ്‌കപടതയായിരുന്നുവെന്ന് എനിക്കുറപ്പിച്ച് പറയാനാകും . കേരളത്തിന്റെ നല്ല സുഹൃത്തിന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം .

Sharing is caring!