നാടുകാണി മഖാം തകര്‍ത്ത് ഗള്‍ഫിലേക്ക് കടന്ന മുഖ്യപ്രതിയെ പിടിക്കാന്‍ പോലീസ്

നാടുകാണി മഖാം തകര്‍ത്ത്  ഗള്‍ഫിലേക്ക് കടന്ന  മുഖ്യപ്രതിയെ  പിടിക്കാന്‍ പോലീസ്

മലപ്പുറം: നാടുകാണി ചുരത്തിലെ മഖാം തകര്‍ത്ത് ഗള്‍ഫിലേക്ക് കടന്ന മുഖ്യ മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് നീക്കം. വഴിക്കടവ് മണിമൂളി അത്തിമണ്ണില്‍ ഷാജഹാനാണ് വിദേശത്തുള്ളത്. മറ്റൊരു പ്രതി വഴിക്കടവ് ആനമിറ മുളയങ്കായി അനീഷി(37)നെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാജഹാന്റെ പാസ്പോര്‍ട്ടും മറ്റുരേഖകളും പരിശോധിക്കും. മഖാം തകര്‍ക്കുന്നതിനായി പലതവണ കാര്‍ വാടകക്കെടുത്തത് ഷാജഹാനാണ്. ഇയാള്‍ വാടകക്കെടുത്ത കാര്‍ ചുരംമഖാം തകര്‍ക്കപ്പെട്ട ദിവസം ചുരത്തിലൂടെ സഞ്ചരിക്കുന്നത് കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് കാറുകള്‍ വാടകക്കെടുത്തത്. മൂന്ന് തവണയും മഖാം തകര്‍ക്കാന്‍ വാടകക്കെടുത്ത വാഹനങ്ങളിലാണ് പോയത്. അടുത്ത ദിവസംതന്നെ വാഹനം തിരിച്ചേല്‍പ്പിച്ചിരുന്നു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളില്‍ ഈ കാറുകള്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. അതേസമയം ഷാജഹാന്റെ മറ്റു ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ആഗസ്റ്റില്‍ വിദേശത്തു നിന്ന് എത്തിയ ഷാജഹാന്‍ മഖാം തകര്‍ക്കത്ത ശേഷം വിദേശത്തേക്ക് പോയത് വീട്ടുകാര്‍പോലും അറിഞ്ഞിരുന്നില്ല. സുഹൃത്തുകള്‍ വഴിയാണ് ഷാജഹാന്‍ പോയത് വീട്ടുകാര്‍ അറിഞ്ഞത്. മഖാം തകര്‍ത്ത ശേഷവും സ്ഥിരമായി ജോലിക്കു പോവുകയും സംശയാസ്പദമായി ഒന്നും പ്രകടമാക്കാത്തതുമാണ് അനീഷിനെ പോലീസിന് ആദ്യഘട്ടത്തില്‍ സംശയം തോന്നാതിരുന്നത്. പിന്നീട് മൊബൈല്‍ നമ്പറും സോഷ്യല്‍ മീഡിയയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് സൂചന ലഭിക്കുന്നത്. മഖാം തകര്‍ക്കാനായി രണ്ട് തവണ ഇയാള്‍ സ്വന്തം കാറില്‍ പോയിരുന്നെങ്കിലും കൃത്യം നടത്താനായിരുന്നില്ല. മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുമോയെന്ന് ഭയന്ന് തിരിച്ച് പോരുകയായിരുന്നു. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മതസ്പര്‍ദ്ദയുണ്ടാക്കും വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കാനിടയാകുന്ന തരത്തില്‍ മഖാം തകര്‍ത്തുവെന്നാണ്കേസ്. പെതിന്തല്‍മണ്ണ ഡി വൈ എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Sharing is caring!