തെറ്റിധരിപ്പിച്ചാണ് ആര്‍എസ്എസ് പരിപാടി നടത്തിയതെന്ന് സ്‌കൂള്‍ മാനേജര്‍

തെറ്റിധരിപ്പിച്ചാണ് ആര്‍എസ്എസ് പരിപാടി നടത്തിയതെന്ന് സ്‌കൂള്‍ മാനേജര്‍

താനൂര്‍: അയ്യായ എഎംയുപി സ്‌കൂളില്‍ ആര്‍എസ്എസ് പഠനശിബിരം നടത്തിയത് തന്നെ തെറ്റിധരിപ്പിച്ചാണെന്ന് സ്‌കൂള്‍ മാനേജര്‍ സിപി അലവികുട്ടി ഹാജി. ഒരു പാര്‍ട്ടിയുടെ പരിപാടി നടത്താനെന്ന പേരില്‍ പ്രധാനധ്യാപകന്‍ അനുമതി ചോദിച്ചപ്പോള്‍ നല്‍കുകയായിരുന്നു. ആര്‍എസ്എസിന്റെ പഠനശിബിരമാണ് നടക്കുന്നതെന്ന് പ്രധാനധ്യാപകന്‍ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒഴൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമാണ് സ്‌കൂള്‍ മാനേജര്‍ സിപി അലവികുട്ടി ഹാജി. ലീഗ് നേതാവിന്റെ സ്‌കൂള്‍ ആര്‍എസ്എസ് പഠനശിബിരത്തിന് നല്‍കിയത് വിവാദമായിരുന്നു. കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തിലായിരുന്നു ആര്‍എസ്എസ് പഠനശിബിരം സ്‌കൂളില്‍ നടന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് എംഎസ്എഫ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും പ്രധാനധ്യാപകനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ പഠനശിബിരത്തിന് അനുവദിച്ച നടപടിക്കെതിരെ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സംഘടനകളും നാട്ടുകാരും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

Sharing is caring!