വഹാബി പ്രചരണം തള്ളിക്കളയുക: ജിഫ്രി മുത്തുകോയ തങ്ങള്
മനാമ: സമസ്ത ബഹ്റൈന് ഘടകത്തിന്റെ മീലാദ് ദ്വൈമാസ കാംപയിന് മനാമയില് ഉജ്ജ്വല തുടക്കം. മനാമയിലെ സമസ്ത ബഹ്റൈന് കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില് സമസ്ത പ്രസിഡന്റ് സയ്യിദുല് ഉലമ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളാണ് കാംപയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്വഹിച്ചത്.
പ്രവാചകന്മാരെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണെന്നും വിശ്യാസികളെ സംബന്ധിച്ചിടത്തോളം അത് ദീനിന്റെ അടിസ്ഥാനമാണെന്നും അദ്ധേഹം പ്രസ്താവിച്ചു.
പ്രവാചകന്മാരുടെ പാപസുരക്ഷിതത്വം അഥവാ ഇസ്വ് മത്ത് എന്നത് സമസ്ത ഊന്നല് നല്കുന്ന സുപ്രധാന കാര്യമാണ്. അവരുടെ ജീവിതത്തില് പാപങ്ങളുണ്ടാവില്ലെന്ന് മാത്രമല്ല, പൊതു സമൂഹം അരോചകമായി കാണുന്ന സ്ഖലിതങ്ങള് പോലും സംഭവിക്കുകയില്ല. അവര് പ്രബോധനം ചെയ്യുന്ന വിശുദ്ധ മതത്തിന്റെ സംശുദ്ധിയാണത് വ്യക്തമാക്കുന്നത്. ഈ വിശുദ്ധി പൂര്ണ്ണമായും അവരിലെത്തിക്കാനായി അവരുടെ പിതാക്കളുടെ പരന്പരയെയും അല്ലാഹു സംരക്ഷിക്കുന്നുണ്ടെന്നും തെളിവുകള് വിശദീകരിച്ചു കൊണ്ടദ്ധേഹം പറഞ്ഞു.
ഇപ്രകാരം തികഞ്ഞ പരിശുദ്ധിയും സംരക്ഷണവും നല്കിയാണ് വിശുദ്ധ മതത്തിന്റെ പ്രബോധനത്തിനായി പ്രവാചകന്മാര് നിയമിതരായിട്ടുള്ളത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യെ ജാഹിലിയ്യാ കാലത്തെ ശൈശവ പ്രായം മുതല് അല്ലാഹു തെറ്റുകളില് നിന്നെല്ലാം സംരക്ഷിച്ചിരുന്നു. മാത്രവുമല്ല, മൂന്നു ഘട്ടങ്ങളിലായി നബി(സ)യുടെ നെഞ്ച് പിളര്ന്ന് ഹൃദയം ശുദ്ധീകരിക്കുകവരെ ചെയ്തിട്ടുണ്ട്.
വിശുദ്ധിയോടെ ജീവിച്ച പ്രവാചകന്മാര് പ്രബോധനം ചെയ്ത ഈ ദീനിന്റെ വിശുദ്ധിയാണ് സമസ്തയും ഉള്ക്കൊണ്ടിരിക്കുന്നതെന്നും സമസ്തയെ ആര് നയിച്ചാലും ശംസുല് ഉലമ അടക്കമുള്ള വിശുദ്ധാത്മാക്കളുടെ ആത്മീയ നിയന്ത്രണം സമസ്തക്കൊപ്പം എപ്പോഴുമുണ്ടെന്നും അദ്ധേഹം തുടര്ന്നു.
വഹാബി പ്രചരണം തള്ളിക്കളയുക
തെറ്റു ചെയ്യുന്ന വ്യക്തികളെ ഒരിക്കലും അല്ലാഹു പ്രവാചകന്മാരായി നിയോഗിക്കില്ല. അത് കൊണ്ടു തന്നെ പ്രവാചകന്മാര്ക്ക് തെറ്റുപറ്റും എന്ന രീതിയില് വഹാബികളടക്കമുള്ള പുത്തനാശയക്കാര് നടത്തുന്ന കുപ്രചരണങ്ങള് വിശ്വാസികള് തള്ളിക്കളയേണ്ടതാണ്. പ്രവാചകന്മാരുടെ ഔന്നിത്യത്തിന് കോട്ടം തട്ടുന്ന ഒന്നും അവരിലുണ്ടാവില്ലെന്ന് പ്രമാണങ്ങള് വ്യക്തമാക്കിയതാണ്. അതു കൊണ്ടു തന്നെയാണ് ഈ യാഥാര്ത്ഥ്യം ബോധ്യപ്പെടുത്താനായി സമസ്ത ശക്തമായി നില കൊള്ളുന്നതെന്നും തങ്ങള് വിശദീകരിച്ചു.
മതത്തെ വികലമാക്കുന്ന പുത്തനാശയക്കാരെയും കള്ളത്വരീഖത്തുകാരെയും വിശ്വാസികള് എപ്പോഴും കരുതിയിരിക്കണം. ശരീഅത്ത് അനുസരിക്കുന്നതില് ളാഹിര്ബാത്വിന് എന്നില്ല. വിശ്വാസിയാണെങ്കില് ശരീഅത്തനുസരിച്ച് ജീവിക്കേണ്ടത് നിര്ബന്ധമാണ്. ശരീഅത്തില്ലാത്തവരെയെല്ലാം വിശ്വാസികള് കരുതിയിരിക്കണമെന്നും തങ്ങള് കൂട്ടിച്ചേര്ത്തു.
‘അന്ത്യപ്രവാചകന് ഒരു സമ്പൂര്ണ്ണ മാതൃക’ എന്ന പ്രമേയത്തില് 60 ദിവസം നീണ്ടു നില്ക്കുന്ന കാന്പയിന്റെ ഭാഗമായി വൈവിധ്യമാര്ന്ന പരിപാടികളാണ് സമസ്ത ബഹ്റൈന് ഘടകം ആസൂത്രണം ചെയ്തിരിക്കുന്നത്.
റബീഉല് അവ്വല് 1 മുതല് 12ാം രാവ് വരെ മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് രാത്രി 9.മണി മുതല് പ്രതിദിന മൗലിദ് സദസ്സുകള് നടക്കും. സമസ്തയുടെ വിവിധ ഏരിയകളിലും ഇപ്രകാരം പ്രതിദിന മൗലിദ് മജ് ലിസ് ഒരുക്കിയിട്ടുണ്ട്. കൂടാതെ നബിദിന രാവില് വിപുലമായ ഒരു മൌലിദ് മജ് ലിസ് മനാമയിലെ മസ്ജിദില് വെച്ച് നടക്കും. ഇതോടൊപ്പം ഖുര്ആന് പാരായണ മത്സരങ്ങള്, ആദര്ശ സെമിനാര്, വിദ്യാര്ത്ഥികളുടെ കലാ സാഹിത്യ പരിപാടികള്, കുടുംബ സംഗമം, ക്വിസ്സ് പ്രോഗ്രാം, പഠനയാത്രകള്, പണ്ഢിത സംഗമം, മെഡിക്കല് ക്യാമ്പ് തുടങ്ങി ബഹ്റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി നടക്കുന്ന കാമ്പയിന് പരിപാടികളില് പ്രമുഖര് പങ്കെടുക്കും.
കാന്പയിന് ഉദ്ഘാടന ചടങ്ങില് സമസ്ത ബഹ്റൈന് പ്രസി!ഡന്റ് സയ്യിദ് ഫഖ്റുദ്ധീന് കോയ തങ്ങള് അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് ആര്.വി. കുട്ടി ഹസ്സന് ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജന.സെക്രട്ടറി എസ്.എം. അബ്ദുല് വാഹിദ്, വി.കെ കുഞ്!ഞഹമ്മദ് ഹാജി എന്നിവരടക്കമുള്ള കേന്ദ്ര നേതാക്കളും വിവിധ പോഷക സംഘടനാ പ്രതിനിധികളും ഏരിയാ ഭാരവാഹികളും പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന് വിഖായ പ്രവര്ത്തകര് പരിപാടി നിയന്ത്രിച്ചു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]