ലീഗ് നേതാവിന്റെ സ്‌കൂള്‍ ആര്‍എസ്എസ് പഠന ശിബിരത്തിന് വിട്ടുനല്‍കി

ലീഗ് നേതാവിന്റെ  സ്‌കൂള്‍ ആര്‍എസ്എസ് പഠന  ശിബിരത്തിന് വിട്ടുനല്‍കി

മുസ്ലിംലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂള്‍ ആര്‍എസ്എസ് പഠന ശിബിരത്തിന് വിട്ടുനല്‍കിയെന്നാരോപിച്ച് സി.പി.എം.
ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് നേതാവായ സി പി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എ എം യു പി സ്‌കൂളിലാണ് ആര്‍എസ്എസിന്റെ പഠന ശിബിരം നടത്തിയത്.

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനം തന്നെ, ഫൈസലിന്റെ ഘാതകരായ ആര്‍എസ്എസിന് ആയുധ പഠനശിബിരത്തിന് അനുവദിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം രംഗത്തുവന്നിട്ടുള്ളത്.
പഠനശിബിരത്തിന്റെ മറവില്‍ ഫൈസല്‍ കൊലപാതക വിജയാഘോഷം നടത്തുകയായിരുന്നു ആര്‍എസ്എസ്. അതിന് കുട പിടിക്കുന്ന നിലപാടിലാണ് മുസ്ലിം ലീഗെന്നും സി.പി.എം ആരോപിച്ചു.

പൊതു വിദ്യാലയങ്ങള്‍ ഇത്തരം വര്‍ഗീയ സംഘടന പരിപാടികള്‍ക്ക് വിട്ടു നല്‍കരുതെന്ന ഉത്തരവ് ലംഘിച്ചാണ് ലീഗ് നേതാവ് ആര്‍എസ്എസിന് വേണ്ടി സ്‌കൂള്‍ അനുവദിച്ചത്. മാത്രമല്ല ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പ്രധാന അധ്യാപകനായ സ്‌കൂളില്‍ മുമ്പും ആര്‍എസ്എസ് പരിപാടികള്‍ക്ക് വേദിയായിട്ടുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്.

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ള സ്‌കൂള്‍ എന്ന ലേബലിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും, ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സി.പി.എംപറയുന്നത്. അതിനു പിന്നില്‍ ബിജെപി നേതാവിന്റെ ഇടപെടല്‍ ശക്തമാണെന്നും സി.പി.എം ആരോപിക്കുന്നു. മാത്രമല്ല കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപകരായുള്ള സ്‌കൂള്‍ കൂടിയാണ് അയ്യായ എഎംയുപി സ്‌കൂള്‍.

Sharing is caring!