മലപ്പുറം മതമൈത്രിയുടെ മറ്റൊരു കഥ, ഇത്തവണ താരങ്ങള്‍ കലക്ടറും, പാസ്‌പോര്‍ട്ട് ഓഫിസറും

സന്തോഷ് ക്രിസ്റ്റി
മലപ്പുറം മതമൈത്രിയുടെ മറ്റൊരു കഥ, ഇത്തവണ താരങ്ങള്‍ കലക്ടറും, പാസ്‌പോര്‍ട്ട് ഓഫിസറും

മലപ്പുറം: ഈ വര്‍ഷം ഓഗസ്റ്റ് 26-ാം തിയതി, സ്ഥലം നെടുമ്പാശേരി വിമാനത്താവളം, സമയം ഏകദേശം വൈകുന്നേരം 6 മണി. കേരളത്തില്‍ നിന്നും ഹജ് തീര്‍ഥാടകരെയും വഹിച്ചു കൊണ്ടുള്ള അവസാന വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ കേവലം രണ്ട് മണിക്കൂര്‍ മാത്രം. ഈ സമയത്താണ് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് ആ വിമാനത്തില്‍ യാത്ര തിരിക്കേണ്ട വൃദ്ധയായൊരു തീര്‍ഥാടകയുടെ ഫോണ്‍ വരുന്നത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അവരുടെ പാസ്‌പോര്‍ട്ടിന് അയോഗ്യത കല്‍പിച്ച് പിടിച്ചെടുത്തിരിക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഹജിന് പോകാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കാത്ത് വെച്ചിരുന്ന സ്വപ്‌നങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് തകര്‍ന്ന ആ സ്ത്രീയും, അവരോടൊപ്പം തീര്‍ഥാടനത്തിനുള്ള ഭര്‍ത്താവും അവസാന പ്രതീക്ഷയെന്ന നിലയിലാണ് കലക്ടറെ ബന്ധപ്പെട്ടത്.

പക്ഷേ കലക്ടര്‍ക്കും ഈ വിഷയത്തില്‍ ഔദ്യോഗികമായി ഇടപെടാനുള്ള അധികാരമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം അവസാന ശ്രമമമെന്ന നിലിയില്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസറെ ബന്ധപ്പെട്ടു. ശനിയാഴ്ച ആയതിനാല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി ശിവകുമാര്‍ അദ്ദേഹത്തിന്റെ ഭാര്യ പഠനാവശ്യത്തിന് താമസിക്കുന്ന കോയമ്പത്തൂരിലായിരുന്നു. കലക്ടര്‍ അദ്ദേഹത്തെ കാര്യം ധരിപ്പിച്ചു. എന്തായാലും കൊച്ചിയില്‍ നിന്നുള്ള അവസാന സര്‍വീസില്‍ അവര്‍ക്ക് പോകാനാകില്ലെന്നത് ഇരുവര്‍ക്കും വ്യക്തമായിരുന്നു. പിന്നെ ഇന്ത്യയില്‍ നിന്ന് ഹജ് സര്‍വീസായി പുറപ്പെടാനുണ്ടായിരുന്നത് മുംബൈയില്‍ നിന്നും പിറ്റേ ദിവസമുള്ള രണ്ട് വിമാന സര്‍വീസുകള്‍ മാത്രമായിരുന്നു. പാസ്‌പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ക്ക് ഹജിന് പുറപ്പെടാന്‍ ബാക്കിയുള്ള സമയം കേവലം 20 മണിക്കൂറില്‍ താഴെയും. പിറ്റേ ദിവസമാകട്ടെ പാസ്‌പോര്‍ട്ടും ഓഫിസും, സകല സര്‍ക്കാര്‍ ഓഫിസുകളും അവധിയുള്ള ഞായറാഴ്ചയും.

ഏതൊരു ഉദ്യോഗസ്ഥനും ഉദ്യമം അവസാനിപ്പിക്കുന്നിടത്തു നിന്ന് മലപ്പുറത്തിന്റെ പാസ്‌പോര്‍ട്ട് ഓഫിസറും, കലക്ടറും അവരുടെ ദൗത്യം ആരംഭിച്ചു. പാസ്‌പോര്‍ട്ട് ഓഫിസര്‍ തന്റെ ഓഫിസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ അപ്പോള്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട് ഞായറാഴ്ച അവധി ഒഴിവാക്കി ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടു. പതിവിനു വിപരീതമായി 2017 ഓഗസ്റ്റ് 26-ാം തിയതി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് തുറന്നു. പാസ്‌പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ ഔദ്യോഗികമായി രണ്ടു പ്രാവശ്യത്തോളം അവരോട് ഓഫിസില്‍ നിന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ അവരുടെ അറിവില്ലായ്മ മൂലം അക്കാര്യം മനസിലാകാതെ വന്നതാണ് പാസ്‌പോര്‍ട്ട് അയോഗ്യമാകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. തകര്‍ന്നിരുന്ന ആ സ്ത്രീയുമായി ബന്ധപ്പെട്ടവര്‍ മുംബൈയിലേക്ക് യാത്ര തിരിച്ചു. ഇതിനിടെ മുംബൈയില്‍ നിന്നുള്ള ആ ദിവസത്തെ ആദ്യ ഹജ് വിമാനം പുറപ്പെട്ടിരുന്നു. ഇനി ബാക്കിയുള്ളത് രാത്രി പുറപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ് സര്‍വീസ് മാത്രം. പാസ്‌പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ ബാക്കിയുള്ളത് ഏതാനും മണിക്കൂറുകള്‍ മാത്രം

മലപ്പുറം ഓഫിസിലെ ഉദ്യോഗസ്ഥര്‍ രേഖകള്‍ എല്ലാം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ച് അവരുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാം മണിക്കൂറുകള്‍ക്കകം പരിഹരിച്ചു. മതിയായ രേഖകളെല്ലാം അവര്‍ മുംബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തു. ഇതു മാത്രമല്ല പ്രശ്‌നങ്ങള്‍ ഒന്നും വീണ്ടും തലപൊക്കാതിരിക്കാന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ടു തന്നെ ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഏകദേശം 18 മണിക്കൂറുകളോളം നീണ്ട നടപടികള്‍ക്ക് ഒടുവില്‍ ഫലം ഉണ്ടായി. രാജ്യത്ത് നിന്നുള്ള അവസാന ഹജ് സര്‍വീസില്‍ തീര്‍ഥാടകരില്‍ ഒന്നായി ആ വൃദ്ധ സ്ത്രീയും സൗദിയിലേക്ക് പറന്നു. ദൗത്യം വിജയകരമായി പൂര്‍ത്തിയാതിന്റെ സന്തോഷത്തോടെ കലക്ടറും, പാസ്‌പോര്‍ട്ട് ഓഫിസറും, സഹപ്രവര്‍ത്തകരും തങ്ങളുടെ അടുത്ത കര്‍തവ്യത്തിലേക്കും.

Sharing is caring!