വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതിനെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതിനെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതിനെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍. വഖഫ് ബോര്‍ഡ് നിയമനത്തില്‍ ഇനി മേലില്‍ ആരുടേയും കൈകടത്തലുണ്ടാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സിനെ ചൊല്ലി മുസ്ലിം സംഘടനകളുടെ യോഗം ആശങ്ക പങ്കുവെച്ചത് കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സംഘടനകള്‍ യോഗം നടത്തിയത് താന്‍ പത്രവാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. തന്നോട് മുന്‍കൂട്ടി അന്വേഷിച്ചിരന്നെങ്കില്‍ അത്തരമൊരു യോഗത്തിന്റെ ആവശ്യമുണ്ടാകുമായിരുനില്ലെന്നും മന്ത്രി പറയുന്നു. വഖഫ് ബോര്‍ഡും, ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും അംഗീകരിച്ചതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മുസ്ലിം സംഘടനകള്‍ മുന്നോട്ട് വെച്ച രണ്ട് നിര്‍ദേശങ്ങളും അംഗീകരിച്ചാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. നല്ല യോഗ്യതയുള്ള മുസ്ലിം യുവതീ യുവാക്കള്‍ക്ക് ഒരാളുടേയും ശുപാര്‍ശയില്ലാതെ ഇനി വഖഫ് ബോര്‍ഡില്‍ നിയമിതരാകാമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വഖഫ് ബോർഡ് നിയമനത്തിൽ ഇനി മേലിൽ ആരുടെയും കൈകടത്തലുണ്ടാവില്ല ….. ———- —— – – – – – – – – – – – – – – –
ഖഫ് ബോർഡ് നിയമനങ്ങൾ PSC ക്ക് വിട്ട് കൊണ്ടുള്ള ഓർഡിനൻസിനെച്ചൊല്ലി മുസ്ലിം സംഘടനകളുടെ ഒരു യോഗം കോഴിക്കോട്ട് ചേർന്ന് ആശങ്ക പങ്കുവെച്ചത് പത്രങ്ങൾ മുഖേനയാണ് ഞാനും അറിഞ്ഞത് . ഇത്തരമൊരു യോഗം കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്ന് പറയാതെ വയ്യ . യോഗത്തിന്റെ സംഘാടകർ ഈ വിനീതനുമായി നല്ല വ്യക്തിബന്ധം പുലർത്തുന്നവരാണ് . വകുപ്പ് മന്ത്രി എന്ന നിലയിൽ എന്നോടൊന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഇത്തരമൊരു യോഗത്തിന്റെ തന്നെ ആവശ്യം ഉണ്ടാകുമായിരുന്നുവെന്ന് തോന്നുന്നില്ല .
വഖഫ് ബോർഡും , ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും അംഗീകരിച്ച പ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിന് സർക്കാർ മുതിർന്നത് . ദേവസ്വം ബോർഡ് നിയമനവും PSC ക്ക് വിടുകയാണെങ്കിൽ എന്ന വ്യവസ്ഥയോടെയല്ല വഖഫ് ബോർഡോ ഇനിനെ അനുകൂലിച്ച മുസ്ലിം സംഘടനകളോ പ്രസ്തുത നിർദ്ദേശത്തെ അംഗീകരിച്ചത് . രണ്ട് കാര്യങ്ങളാണ് ബോർഡ് പറഞ്ഞത് . ഒന്ന് മുസ്ലിം സമുദായത്തിൽ നിന്നുള്ളവർക്കേ നിയമനം ലഭിക്കാവൂ . രണ്ട് നിലവിൽ സ്കേൽ ഓഫ് പേയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിതരായ ഏഴ് വർഷം തികയാത്തത് കൊണ്ട് സ്ഥിരപ്പെടാത്ത ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കണം . ബഹുമാന്യനായ മുഖ്യമന്ത്രി ന്യായമായ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചാണ് ഫയലിൽ ഒപ്പ് വെച്ചിട്ടുള്ളത് .

വഖഫ് ബോർഡ് നിയമനങ്ങൾ ഇക്കാലമെത്രയും നടന്നത് എംപ്ലോയ്മെന്റെ എക്സ്ചേഞ്ചുകൾ വഴിയാണ് . എഴുത്തു പരീക്ഷയൊന്നുമില്ലാതെ ഓരോ സമയത്തുള്ള ബോർഡുകൾ തന്നിഷ്ടം പോലെ എംപ്ലോമെന്റ് ലിസ്റ്റിൽ നിന്ന് സ്വന്തക്കാരെ പല പല മാനദണ്ഡങ്ങുളുടെ അടിസ്ഥാനത്തിൽ നിയമിച്ച് പോന്നു . നല്ല യോഗ്യതയുള്ള മുസ്ലിം യുവതീയുവാക്കൾക്ക് ഒരാളുടെയും ശുപാർശയില്ലാതെ ഇനി വഖഫ് ബോർഡിൽ നിയമിതരാകാം .
22 തസ്തികകളിലേക്ക് നിയമനം നടക്കാനിരിക്കെ ചിലരുടെ തന്നിഷ്ടം നടക്കില്ലെന്ന തിരിച്ചറിവാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല . വഖഫ് ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പ്രാപ്തരായ സ്റ്റാഫ് ഉണ്ടാവണം. പല പള്ളി മദ്റസ തർക്കങ്ങളിലും ജീവനക്കാർ കക്ഷി ചേരുന്ന സ്ഥിതി നിലവിലുണ്ട്. പല കേസുകളിലും ഫയലുകൾ വെച്ച് താമസിപ്പിക്കുന്നതും പതിവാണ് . ഇതു മൂലം ചില പ്രത്യേക സംഘടനകളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുകയും പലർക്കും ന്യായമായത് നിഷേധിപ്പെടുകയും ചെയ്യുന്ന സാഹചര്യം ജീവനക്കാരുടെ അതിരു കടന്ന പാർട്ടീ പക്ഷപാതിത്വം കാരണം ബോർഡിൽ നടക്കുന്നുവെന്നത് നിഷേധിക്കാവതല്ല.

ദേവസ്വം ബോർഡ് നിയമനം സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ബോർഡാണ് നടത്തുന്നത് . ഹൈന്ദവ സമുദായത്തിൽ വിവിധ ജാതികൾ ഉള്ളതിനാൽ , ഓരോ വിഭാഗത്തിനും അവരവരുടെ ജനസംഖ്യക്ക് ആനുപാതികമായും മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ദേവസ്വം ബോർഡിൽ ജോലി ഉറപ്പാക്കേണ്ടതിനാൽ PSC നിയമനം നിലവിലുള്ള സംവരണ തത്ത്വങ്ങളനുസരിച്ച് പ്രായോഗികമല്ല . വഖഫ് ബോർഡ് നിയമനം പബ്ലിക്ക് സർവ്വീസ് കമ്മീഷന് വിട്ട അതേ മന്ത്രിസഭാ യോഗത്തിലാണ് ദേവസ്വം ബോർഡിൽ ഈഴവ സംവരണം 14% ത്തിൽ നിന്ന് 18% ആക്കി ഉയർത്തിയത് . ഹിന്ദു സമുദായത്തിലെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയതും , മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണം 3% ത്തിൽ നിന്ന് 6% ആക്കി ഉയർത്തി തീരുമാനമെടുത്തതും അതേ മന്ത്രിസഭാ യോഗമാണ് . അധ:സ്ഥിതർക്ക് വേദ പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളിൽ പൂജാരി നിയമനം നൽകിക്കൊണ്ട് ഇക്കാലമത്രയും നിലനിന്ന് പോന്ന സമ്പ്രദായം തകർത്തെറിഞ്ഞ് നിയമനം നൽകി ചരിത്രമിട്ടതും LDF സർക്കാരാണെന്നത് ആരും മറന്ന് പോകരുത് . മുസ്ലിങ്ങളെ സംബന്ധിച്ചേടത്തോളം അവർക്കിടയിൽ വിവിധ ജാതികൾ ഇല്ലാത്തതിനാൽ വഖഫ് ബോർഡിലെ നിയമനത്തിന് സർക്കാർ നിയന്ത്രണത്തിൽ പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് ഉണ്ടാക്കിയാലും PSC യിലൂടെയായാലും സമാനമാണ്.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോടോ മത സംഘടനകളോടോ അഫിലിയേററ് ചെയ്ത് നിന്നില്ലെങ്കിൽ വഖഫ് ബോർഡിൽ നിയമനം കിട്ടില്ലെന്ന അവസ്ഥക്ക് വിരാമം കുറിക്കാനാണ് ഈ നിയമ ഭേദഗതി . മുസ്ലിം സമുദായത്തിലെ മിടുക്കരായ ഉദ്യോഗാർത്ഥികൾക്ക് ആരുടെയും വക്കാലത്തില്ലാതെ പ്രാപ്തിയുടെ അടിസ്ഥാനത്തിൽ വഖഫ് ബോർഡിൽ ജോലി ഉറപ്പ് വരുത്താനുള്ള ചരിത്രപരമായ തീരുമാനത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . ആർക്കെങ്കിലും വല്ല തെറ്റിദ്ധാരണകളുമുണ്ടെങ്കിൽ ചർച്ചയിലൂടെ അത് പരിഹരിക്കാൻ സർക്കാരിന് തുറന്ന മനസ്സാണുള്ളത്.

വഖഫ് ബോർഡ് നിയമനത്തിൽ ഇനി മേലിൽ ആരുടെയും കൈകടത്തലുണ്ടാവില്ല ….. ———- —— – – – – – – – – – – – – – -…

Dr KT Jaleel ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 18, 2017

Sharing is caring!