ഇ അഹമ്മദിന്റെ ആത്മാവിന് ഇന്ന് നോവുന്നുണ്ടാകും….

ഇ അഹമ്മദിന്റെ ആത്മാവിന് ഇന്ന് നോവുന്നുണ്ടാകും….

മലപ്പുറം: ഇ അഹമ്മദിന്റെ ആത്മാവ് ഇന്ന് എന്താകും ചിന്തിക്കുക? അദ്ദേഹത്തിന്റെ ശ്രമഫലമായി മലപ്പുറത്തിന് അനുവദിച്ച പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടിയ ഈ ദിവസം അദ്ദേഹം ജിവിച്ചിരുന്നെങ്കില്‍ എന്തു മാത്രം വേദനിക്കുമായിരുന്നു? മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുമ്പോള്‍ ഇ അഹമ്മദ് എന്ന മുന്‍ കേന്ദ്ര മന്ത്രിയുടെ വിയോഗം വീണ്ടും ചര്‍ച്ചയാകപ്പെടുകയാണ്.

2006ലാണ് ഇ അഹമ്മദ് മലപ്പുറത്തേക്ക് പാസ്‌പോര്‍ട്ട് ഓഫിസ് കൊണ്ടുവരുന്നത്. പാസ്‌പോര്‍ട്ട് എടുക്കാനും, പുതുക്കാനും കോഴിക്കോട് ഓഫിസിനെ ആശ്രയിച്ചിരുന്ന മലപ്പുറത്തുകാര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു ആ തീരുമാനം. കോഴിക്കോട് ഓഫിസില്‍ പാസ്‌പോര്‍ട്ടിനു വേണ്ടി വരി നിന്ന് മടുത്ത ആയിരങ്ങള്‍ മനസില്‍ ഇ അഹമ്മദിന് ഒരായിരം നന്ദി പറഞ്ഞാണ് മലപ്പുറം ഓഫിസിനെ സ്വാഗതം ചെയ്തത്.

ഇ അഹമ്മദിന്റെ ഇടപെടല്‍ തന്നെയാണ് മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം യാഥാര്‍ഥ്യമാക്കിയതിന് പിന്നിലും. സേവാ കേന്ദ്രം നിലവില്‍ വന്നതും, പ്ാസ്‌പോര്‍ട്ട് നല്‍കല്‍ ഓണ്‍ലൈന്‍ വഴിയായതും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന്റെ പ്രാധാന്യം കുറച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ഓഫിസ് പൂട്ടാനുള്ള ശ്രമം ആരംഭിച്ചിരുന്നു. പക്ഷേ പ്രതിരോധവുമായി ഇ അഹമ്മദ് ലോക്‌സഭയില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു.

മലപ്പുറത്തെ പാസ്‌പോര്‍ട്ടുകളുടെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്ന് ഉയര്‍ന്നപ്പോഴും അതിനെതിരെ ഇ അഹമ്മദ് ശബ്ദമുയര്‍ത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ അടക്കം മലപ്പുറത്തെത്തിച്ച് പാസ്‌പോര്‍ട്ടുകളിലെ ചെറിയ തെറ്റുകള്‍ തിരുത്താന്‍ നടപടി വേഗത്തിലാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെയായിരുന്നു.

ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഈ ഓഫിസിന് താഴ് വീഴുമ്പോള്‍ ഇവിടെ നിന്ന് സേവനം ലഭിച്ച ലക്ഷകണക്കിന് പ്രവാസികള്‍ ഇ അഹമ്മദിനെ മനസില്‍ ഓര്‍ക്കുന്നുണ്ടാകും. അദ്ദേഹം അവര്‍ക്ക് നല്‍കിയ സേവനങ്ങളെ സ്മരിക്കുന്നുണ്ടാകും.

Sharing is caring!