മമ്പാട് ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ഞായറാഴ്ച്ച തുടങ്ങും

മമ്പാട് ജനകീയ  സെവന്‍സ് ഫുട്‌ബോള്‍  ഞായറാഴ്ച്ച തുടങ്ങും

മലപ്പുറം: മമ്പാട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എഫ്എയുടെ അംഗീകാരത്തോടെയുള്ള അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ 19ന് മമ്പാട് ഫ്രന്റ്‌സ് ഫല്‍ഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍ ഏഴുമണിക്ക് ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്റര്‍ നാഷണല്‍ യു ഷറഫലി മുഖ്യാതിഥിയാവും. 24 ടീമുകള്‍ പങ്കെടുക്കും. ആദ്യ മത്സരത്തില്‍ മെഡിഗാര്‍ഡ് അരീക്കോട് ലിന്‍ഷാ മണ്ണാര്‍ക്കാടുമായി മത്സരിക്കും. ഓരോ ദിവസവും ഏഴിന് അണ്ടര്‍ 17 ടീമുകളുടെ മത്സരം നടക്കും. 8000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിനോടനുബന്ധിച്ച് വൈകിട്ട് അഞ്ചിന് മമ്പാട് ടൗണില്‍ നിന്ന് 20 ക്ലബുകളുടെ നേതൃത്വത്തില്‍ ഘോഷയാത്ര നടക്കും. തുടര്‍ന്ന് മാപ്പിളപ്പാട്ട് ഗായിക രഹ്നയും നാടന്‍ പാട്ടിന്റെ കുലപതി ജൂനിയര്‍ കലാഭവന്‍ മണിയും നയിക്കുന്ന കോഴിക്കോട് ബീറ്റ്‌സ് ബാന്റ് ഓര്‍ക്കസ്‌ട്രേയുടെ ഗാനമേള, കരിമരുന്ന് പ്രയോഗവും ഉദ്ഘാടന വേദിയിലുണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ സൂപ്പര്‍ അഷ്‌റഫ്, യാഷിഖ് മഞ്ചേരി, സലാഹുദ്ദീന്‍ മമ്പാട്, അഷ്‌റഫ് ടാണ, ബിസ്മി നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!