നവോത്ഥാനം ചര്‍ച്ച ചെയ്ത് പെരുവള്ളൂര്‍ യൂത്ത് ലീഗ് സമ്മേളനം

നവോത്ഥാനം ചര്‍ച്ച ചെയ്ത് പെരുവള്ളൂര്‍ യൂത്ത് ലീഗ് സമ്മേളനം

വള്ളിക്കുന്ന്: വേറിട്ട ചര്‍ച്ചയുമായി പെരുവള്ളൂര്‍ ഇല്ലത്തുമാട് എംഎസ്എഫ്, യൂത്ത് ലീഗ്. മുസ്‌ലിം സമുദായ സംഘടനകള്‍ക്കിടയില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ‘മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനം’ വിഷയമാക്കിയാണ് ചര്‍ച്ചാ സമ്മേളനം നടത്തുന്നത്. നവംബര്‍ 18ന് വൈകീട്ട് 3.30നാണ് പരിപാടി.

പരിപാടി ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. അലീഗഡ് യുനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. പികെ അബ്ദുല്‍ അസീസ്, ഡോ. ഫസല്‍ ഗഫൂര്‍, കൊളത്തൂര്‍ ടി മൗലവി, അഡ്വ. പികെ ഫിറോസ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അഡ്വ. ഫൈസല്‍ ബാബു മോഡറേറ്ററാവും.

മുസ്‌ലിം നവോത്ഥാനവുമായി ബന്ധപ്പെട്ട് ഇടി മുഹമ്മദ് ബഷീര്‍ എംപി മുമ്പ് നടത്തിയ അഭിപ്രായ പ്രകടനം മുസ്‌ലിം സംഘടനകള്‍ക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. പരിപാടിയില്‍ പ്രേക്ഷകരായെത്തുന്നവര്‍ക്കും അഭിപ്രായം പറയാന്‍ അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ശ്രദ്ധേയമായ പല പരിപാടികളും മുമ്പും ഇല്ലത്തുമാട് എംഎസ്എഫ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത സംവിധായകന്‍ ലാല്‍ജോസ് താന്‍ പുകവലി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഡോ. വിപി ഗംഗാധരന്റെ ക്ലാസില്‍ ആകൃഷ്ടനായിട്ടായിരുന്നു അന്ന് ലാല്‍ജോസ് തീരുമാനമെടുത്തത്.

Sharing is caring!