പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന് പൂട്ട് വീണു

പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന് പൂട്ട് വീണു

മലപ്പുറം: ജില്ലയിലെ പാസ്‌പോര്‍ട്ട് ഓഫിസിന് ഇന്ന് തിരശീല വീണു. മലപ്പുറം ഓഫിസ് കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസുമായി ഒദ്യോഗികമായി തിങ്കളാഴ്ച ലയിക്കും. മലപ്പുറം ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഇനി കോഴിക്കോട് ഓഫിസിന്റെ വിലാസത്തിലുള്ള പാസ്‌പോര്‍ട്ടാണ് ലഭിക്കുക.

പാസ്‌പോര്‍ട്ട് ഓഫിസ് മാറ്റാനുള്ള തീരുമാനം അപേക്ഷകരെ ബാധിക്കില്ലെന്ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി ശിവകുമാര്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മലപ്പുറത്ത് തന്നെ നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകരെ ഈ തീരുമാനം ബുദ്ധിമുട്ടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിച്ച്, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലൂടെ അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങിയതോടെ ഓഫിസിന്റെ പ്രാധാന്യം കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥതിതിയില്‍ മലപ്പുറം ഓഫിസ് കോഴിക്കോട് ഓഫിസുമായി ലയിപ്പിച്ച് ചെലവ് കുറയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

2006ല്‍ യു പി എ സര്‍ക്കാരിനു കീഴിലാണ് ഇ അഹമ്മദ് പ്രത്യേക താല്‍പര്യമെടുത്ത് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസ് വിഭജിച്ച് മലപ്പുറം ഓഫിസ് തുടങ്ങിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ പാസ്‌പോര്‍ട്ട് സംബന്ധമായ നടപടികളാണ് ഓഫിസ് നിര്‍വഹിച്ചിരുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് പാസ്‌പോര്‍ട്ട് വിതരണം മാറുന്നതിന് മുമ്പ് ഓഫിസ് ജില്ലയില്‍ നിന്ന് വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് വളരെയേറെ അനുഗ്രഹമായിരുന്നു.

ഇപ്പോള്‍ ദിനംപ്രതി ഏകദേശം മുപ്പതോളം പേര്‍ മാത്രമാണ് പാസ്‌പോര്‍ട്ട് അനുബന്ധ ആവശ്യങ്ങള്‍ക്ക് ഓഫിസിലെത്തുന്നതെന്ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. നിയമപ്രശ്‌നങ്ങള്‍ നേരിടുന്നവരും, പാസ്‌പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളവരും മാത്രമേ ഇന്ന് പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് വരേണ്ട ആവശ്യമുള്ളു. ഈ സാഹചര്യത്തില്‍ ഓഫിസിന്റെ പ്രാധാന്യം വളരെ കുറഞ്ഞു. ഇതേ തുടര്‍ന്നാണ് മലപ്പുറം ഓഫിസ് കോഴിക്കോട് ഓഫിസുമായി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മലപ്പുറത്തെ ജനങ്ങളുടെ പ്രതിഷേധം വകവെയ്ക്കാതെയാണ് പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും ഈ മാസം അവസാനം വരെ പാസ്‌പോര്‍ട്ട് ഓഫിസറും, ഏതാനും ജീവനക്കാരും ഇവിടെ തന്നെ കാണും.

Sharing is caring!