അഫ്ഗാന്‍ ടീം ക്യാപ്റ്റന്‍ ഗോകുലത്തിലേക്ക്

അഫ്ഗാന്‍ ടീം ക്യാപ്റ്റന്‍ ഗോകുലത്തിലേക്ക്

കോഴിക്കോട്: അഫ്ഗാന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഫൈസല്‍ ഷായെസ്‌തെ ഗോകുലം കേരള എഫ്‌സിക്കായി കളിക്കാനെത്തുന്നു. തിരുവനന്തപുരത്ത് നടന്ന സാഫ് കപ്പ് ഫുട്‌ബോള്‍ കേരളത്തിലെ കായിക പ്രേമികളുടെ മനസ്സില്‍ ഇടം നേടിയതാരമാണ് ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും കേരളത്തിലെത്തുന്നത്. ഇന്ത്യനേഷ്യന്‍ ടീമായ പെര്‍സിബയുടെ മധ്യനിരയില്‍ കളിക്കുകയാണിപ്പോള്‍ ഈ 26കാരന്‍.

സാഫ് ഫുട്‌ബോള്‍ ഫൈസലിന്റെ മികവിലാണ് അഫ്ഗാന്‍ ടീം ഫൈനലിലെത്തിയത്. ഫൈനലില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ഇന്ത്യയോട് തോല്‍ക്കുകയായിരുന്നു. സാഫ് കപ്പില്‍ ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ ഗോളും നേടിയിരുന്നു. അന്ന് മികച്ച കളിക്കാരനയതിന് ലഭിച്ച തുകയില്‍ നിന്നും പകുതി വൃക്കരോഗിയായ മലയാളി വിദ്യാര്‍ഥിക്ക് നല്‍കി നാടിന്റെ പ്രശംസ നേടിയ താരം കൂടിയാണ് ഫൈസല്‍.

30 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏഴ് ഗോള്‍ നേടിയിട്ടുണ്ട് ഫൈസല്‍.നവംബര്‍ അവസാനം ആരംഭിക്കുന്ന ഐ ലീഗിന് മുന്നോടിയായി കൂടുതല്‍ താരങ്ങളെ ഗോകുലം കേരള എഫ്.സി ടീമിലെടുക്കുന്നുണ്ട്. ഫൈസല്‍ അടുത്തദിവസം കോഴിക്കോട്ടെത്തുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. പുണെയിലാണ് ടീം ഇപ്പോള്‍. ഐ.എസ്.എല്‍ ക്ലബായ എഫ്.സി പുണെ സിറ്റിയുമായി ബുധനാഴ്ച പരിശീലന മത്സരം കളിച്ച് ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടങ്ങി. കഴിഞ്ഞദിവസം കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു

Sharing is caring!