വിധവയായ വീട്ടമ്മയുടെ ഭൂമിതട്ടിയെടുക്കാന്‍ മലപ്പുറത്തെ സി.പി.എം നേതാവും ബി.ജെ.പി നേതാവും ഒന്നിച്ചു

വിധവയായ വീട്ടമ്മയുടെ  ഭൂമിതട്ടിയെടുക്കാന്‍ മലപ്പുറത്തെ  സി.പി.എം നേതാവും  ബി.ജെ.പി നേതാവും ഒന്നിച്ചു

മലപ്പുറം: വിധവയായ വീട്ടമ്മയുടെ ഭൂമി ബ്ലേഡ് മാഫിയായി തട്ടിയെടുക്കുന്നുവെന്ന പരാതിയില്‍ സി.പി.എം തിരൂരങ്ങാടി ലോക്കല്‍ സെക്രട്ടറിക്കും ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറിക്കുമെതിരെ പോലീസ് കേസെടുത്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി പന്താരങ്ങാടി പതിനാറുങ്ങല്‍ മലയംപള്ളി ഇസ്മയില്‍, ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറി പന്താരങ്ങാടി കരിപറമ്പ് സി.പി സുധാകരന്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈം നമ്പര്‍ 436/17 ആയി ഐ.പി.സി 406, 420, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരം തിരൂരങ്ങാടി എസ്.ഐ: കെ. വിശ്വനാഥന്‍ കേസെടുത്തത്.

പന്താരങ്ങാടി ചപ്പത്തിങ്ങല്‍ റസിയയുടെ പരാതിയിലാണ് കേസ്. ഇതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും ഓഗസ്റ്റ് 10ന്
ഡി.ജി.പിക്കും റസിയ പരാതി നല്‍കിയിരുന്നു. നേരത്തെ തിരൂരങ്ങാടി പോലീസ് പരാതിയില്‍ കേസെടുക്കാതെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു മേലധികാരികള്‍ക്കു പരാതി നല്‍കിയത്. അതേ സമയം 13ന് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണ ചുമതലവഹിക്കുന്ന തിരൂരങ്ങാടി എസ്.ഐ: എസ്.ഐ: കെ. വിശ്വനാഥന്‍ ‘മംഗള’ത്തോട് പറഞ്ഞു.

റസിയയുടെ പരാതിയില്‍ പറയുന്നത്: റസിയയുടെ മകന് വിദേശത്ത് പോകുന്നതിന്റെ ആവശ്യത്തിലേക്ക് വീടും സ്ഥലത്തിന്റെയും ആധാരം ഇസ്മയില്‍ വഴി സുധാകരന്റെ അടുത്ത് പണയംവെച്ച് ഒരു ലക്ഷം രൂപ വായ്പ വാങ്ങി. ഈ സമയം മൂന്ന് മദ്രക്കടലാസുകളിലും ഒപ്പിട്ടു വാങ്ങിയിരുന്നു. മകന്‍ വിദേശത്തു നിന്നും അയച്ചു തന്നതുപ്രകാരം കടംവാങ്ങിയ ഒരുലക്ഷവും പലിശയും സഹിതം 1,23000 രൂപ സുധാകരനെ എല്‍പ്പിച്ചെങ്കിലും ആധാരം മടക്കി നല്‍കിയില്ല. ഇത് ഇസ്മയിലിനു നല്‍കിയെന്നാണ് പറഞ്ഞത്. ഇസ്മയിലിനെ സമീപിച്ചപ്പോള്‍ മൂന്നു ലക്ഷം രൂപതന്നാലേ ആധാരം തിരികെ തരൂവെന്നും അല്ലെങ്കില്‍ വീടും സ്ഥലവും മറിച്ചുവില്‍ക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥലം വാങ്ങുന്നതിനായി പലരെയും പറഞ്ഞയക്കുകയും ചെയ്തു. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയപ്പോള്‍ സി.പി.എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ സഹായത്തോടെ പലതവണ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും ഒതത്തുതീര്‍പ്പാകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.
ഇതോടെ ഡി.ജി.പിക്കും കോഴിക്കോട് നോര്‍ത്ത് സോണ്‍ എ.ഡി.ജി.പിക്കും പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് തിരൂരങ്ങാടി പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്. നേരത്തെ സി.പി.എം നേതൃത്വത്തിന് റസിയ പരാതി നല്‍കിയെങ്കിലും പാര്‍ട്ടി നടപടിയെടുക്കാതെ ഇസ്മയില്‍ ലോക്കല്‍സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

മുമ്പ് വല്ലാര്‍പ്പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബിസിനസിലേക്കെന്നു പറഞ്ഞ് പ്രവാസിയില്‍ നിന്നും നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ ഇസ്മയിലിലും ഏരിയാ കമ്മിറ്റി അംഗം ഇബ്രാഹിംകുട്ടിക്കുമെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് കേസ് ഒത്തുതീര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. സി.പി.എം നേതൃത്വം സംസ്ഥാനതലത്തില്‍ ബി.ജെ.പിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി ബി.ജെ.പി നേതാവുമായി ചേര്‍ന്ന് ബ്ലേഡ് മാഫിയ കേസില്‍ പ്രതിയായത് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുകയാണ്.

Sharing is caring!