ഖിലാഫത്ത് പോരാളികളുടെ ജ്വലിക്കുന്ന ഓര്‍മകളില്‍ പട്ടാളക്യാമ്പ്് അക്രമണത്തിന് 96-ാം ആണ്ട്

ഖിലാഫത്ത് പോരാളികളുടെ ജ്വലിക്കുന്ന ഓര്‍മകളില്‍ പട്ടാളക്യാമ്പ്്  അക്രമണത്തിന് 96-ാം ആണ്ട്

മലപ്പുറം: ഖിലാഫത്ത് പോരാളികളുടെ ജ്വലിക്കുന്ന ഓര്‍മകളില്‍ സ്വാതന്ത്ര്യസമരചരിത്രത്തിലിടം നേടിയ പാണ്ടിക്കാട് പട്ടാളക്യാംപ് അക്രമണത്തിന് ഇന്ന് 96 ആണ്ട് തികയുമ്പോള്‍, ഓര്‍മകളാല്‍ ജ്വലിച്ചുനില്‍ക്കുകയാണ് പോരാട്ടങ്ങള്‍ക്ക് ഉശിരുപകര്‍ന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ചെമ്പ്രശ്ശേരി തങ്ങള്‍ക്കും ജന്മംനല്‍കിയ മണ്ണ്. 1921ലെ മലബാര്‍ കലാപത്തിലെ ഒരു സുപ്രധാനസംഭവമായാണ് പാണ്ടിക്കാട് പട്ടാളക്യാംപ് ആക്രമണം അല്ലെങ്കില്‍ പാണ്ടിക്കാട് യുദ്ധം അറിയപ്പെടുന്നത്.

മലബാര്‍ കലാപത്തിന്റെ രണ്ടാംഘട്ടത്തില്‍ 1921 നവംബര്‍ 14നായിരുന്നു അന്താരാഷ്ട്രതലത്തില്‍തന്നെ ശ്രദ്ധേയമായ ആക്രമണം അരങ്ങേറിയത്. 1921 ഓഗസ്റ്റ് അവസാനത്തോടെ മലബാര്‍ കലാപത്തിലെ രക്തച്ചൊരിച്ചിലുകള്‍ തല്‍ക്കാലത്തേക്ക് കെട്ടടങ്ങിയിരുന്നെങ്കിലും ബ്രിട്ടീഷുകാര്‍ പ്രതികാരത്തിനിറങ്ങിയതോടെയാണ് വീണ്ടും കലാപം ആളിക്കത്തിയത്. പലയിടത്തും ബ്രിട്ടീഷ് – മാപ്പിള ഖിലാഫത്ത് വളണ്ടിയര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി.അവയില്‍ വലുതും ഏറ്റവും പ്രധാനപ്പെട്ടതുമായിരുന്നു പാണ്ടിക്കാട് ഗൂര്‍ഖ പട്ടാളക്യാംപ് ആക്രമണം. മലബാര്‍ കലാപത്തിലെ സൈന്യാധിപനായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ചേര്‍ന്ന് ചെമ്പ്രശ്ശേരി തങ്ങളാണ് ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. മുക്രി അയമു, പയ്യനാടന്‍ മോയീന്‍ എന്നിവരും കൂട്ടിനെത്തി.

പാണ്ടിക്കാട് മൊയ്തുണ്ണിപ്പാടത്തിന് സമീപമുള്ള ചന്തപ്പുരയായിരുന്നു സൈനിക ക്യാംപ്.
മണ്ണുകൊണ്ട് ചുറ്റുമതില്‍ നിര്‍മിച്ചു കാവല്‍ ഏര്‍പെടുത്തിയ സൈനികക്യാംപില്‍ ഗറില്ല ആക്രമണമായിരുന്നു പ്ലാന്‍ ചെയ്തത്. ‘കുക്രി’ എന്ന പ്രത്യേക തരം വാള് ഉപയോഗിച്ചിരുന്ന ഗൂര്‍ഖകളുമായി ഏറ്റുമുട്ടാന്‍ പ്രധാനമായും ധൈര്യം പകര്‍ന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ആയിരുന്നു. ചെമ്പ്രശ്ശേരി, കരുവാരക്കുണ്ട്, കീഴാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകംപരിശീലനം നേടിയെത്തിയ നാനൂറോളം പേരാണ് ക്യാംപ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. 1921 നവംബര്‍ 14ന് പുലര്‍ച്ചെ അഞ്ചിന് പട്ടാള ക്യാംപിന്റെ ചുറ്റുമതില്‍ പൊളിച്ചു അകത്തു കയറിയ മാപ്പിള പോരാളികള്‍ തുടക്കത്തില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു.
എന്നാല്‍ വിദഗ്ധപരിശീലനം നേടിയ രണ്ടായിരത്തോളം ഗൂര്‍ഖ സൈനികരാണ് ക്യാംപിലുണ്ടായിരുന്നത്. മാപ്പിളപ്പോരാളികളുടെ ഊഹിച്ചതിലുമപ്പുറം ആയുധശേഖരവും ക്യാംപിലുണ്ടായിരുന്നു. ആദ്യം ഒന്ന് പതറിയെങ്കിലും മനോനില വീണ്ടെടുത്ത ഗൂര്‍ഖസൈനികര്‍ മെഷീന്‍ ഗണ്ണുകളുപയോഗിച്ചു ശക്തമായി തിരിച്ചടി ആരംഭിച്ചതോടെ യുദ്ധത്തിന്റെ ഗതിമാറി. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടതോടെ പട്ടാളക്കാര്‍ സര്‍വസന്നാഹവും ഉപയോഗിച്ചാണ് മാപ്പിളമാരെ നേരിട്ടത്.

ആക്രമണത്തില്‍ ബ്രിട്ടീഷ് സൈനിക മേധാവി ക്യാപ്റ്റന്‍ അവ്‌റെലിയെയും അഞ്ചു സൈനികരെയും മാപ്പിള പോരാളികള്‍ കൊലപ്പെടുത്തി. 34 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, അപ്പോഴേക്കും 314 ഖിലാഫത്ത് പോരാളികള്‍ പിറന്നമണ്ണിന് വേണ്ടി പോര്‍ക്കളത്തില്‍ പിടഞ്ഞുവീണിരുന്നു. 1922 ജനുവരി ആറിന് കുഞ്ഞഹമ്മദ് ഹാജി പിടിക്കപ്പെട്ടു. പതിനാല് ദിവസങ്ങള്‍ക്ക് ശേഷം ഹാജിയേയും ചെമ്പ്രശേരി തങ്ങളേയും മലപ്പുറം കോട്ടക്കുന്നില്‍ വച്ച് വെടിവച്ചുകൊലപ്പെടുത്തി.

പാണ്ടിക്കാട് യുദ്ധത്തില്‍ രക്തസാക്ഷികളായ പോരാളികള്‍ക്ക് സ്മാരകമെന്ന് പറയാന്‍ ഇന്ന് പാണ്ടിക്കാടിന്റെ ചരിത്രഭൂമികയില്‍ ഒന്നുമില്ല. ആകെയുള്ളത് അനാഥമായി കിടക്കുന്ന ചന്തപ്പുരക്കടുത്തുള്ള മൊയ്തുണ്ണിപ്പാടം മാത്രം. ഇവിടെയായിരുന്നു ഖിലാഫത്ത് പോരാളികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നത്. അധിനിവേശ ശക്തികള്‍ക്കെതിരേ അടങ്ങാത്ത ദേശസ്‌നേഹം മുറുകെ പിടിച്ച് പടപൊരുതിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ചെമ്പ്രശ്ശേരി തങ്ങള്‍ക്കും ചരിത്രത്തില്‍ ഇടം നേടിയ പോരാട്ടത്തിനും സ്മാരകം പണിയാതിരിക്കുന്നതിലൂടെ തികഞ്ഞ അവഗണനയാണ് പോരാളികളോട് അധികൃതര്‍ കാണിക്കുന്നത്.

Sharing is caring!