ഗെയില്‍ പൈപ്പ്‌ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: വ്യവസായ മന്ത്രി

ഗെയില്‍ പൈപ്പ്‌ലൈന്‍  വീട് നഷ്ടപ്പെടുന്നവര്‍ക്ക്  പ്രത്യേക പാക്കേജ്:  വ്യവസായ മന്ത്രി

ഗെയ്ല്‍ വാതക പൈപ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് മലബാര്‍ സിമന്റ്‌സിന്റെ അംഗീകൃത ഏജന്‍സി നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക 10 മടങ്ങായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. 4600 കോടി രൂപ ചെലവിലാണ് കൊച്ചിയില്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ സ്ഥാപിച്ചത്. ഇത് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ മംഗലാപുരം വരെ വാതക പൈപ്‌ലൈന്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ 15 സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 1000 ലധികം വീടുകളില്‍ പൈപ് ലൈന്‍ വഴി പാചക വാതകം ഉപയോഗിക്കുന്നുണ്ട്. നേരിട്ട് ദ്രവീകൃത പ്രകൃതി വാതകമെത്തുന്നതിലൂടെ ഗാര്‍ഹിക – വ്യാവസായിക മേഖലകളില്‍ ഇന്ധനച്ചലവ് ഗണ്യമായി കുറയും.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍ നല്‍കിയതിലൂടെ കൈത്തറി മേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടുകയും വരുമാനം വര്‍ദ്ധിക്കുകയും ചെയ്തു. നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. മലബാര്‍ സിമന്റ്‌സിലെ അഴിമതി തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സിമന്റിന്റെ ഉല്‍പാദനം കൂട്ടുന്നതിനും വിപണനം ശക്തിപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് വിപണന ഏജന്‍സി നല്‍കുന്നത്. കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോഡുര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി. അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കോഡൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. മുഹസിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!