ഖത്തറിലെ അംബാസഡര്‍ക്ക് മലയാളി സമൂഹത്തിന്റെ ആദരം

ഖത്തറിലെ അംബാസഡര്‍ക്ക് മലയാളി സമൂഹത്തിന്റെ ആദരം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് അംബാസഡറെ ആദരിച്ചത്.

ഖത്തറിലെ ഇന്ത്യക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിനായി പരിശ്രമിക്കുന്ന ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്റെ മാതൃകപരമായ പ്രവര്‍ത്തനത്തിനുള്ള സ്‌നേഹാദരമാണ് ഈ പുരസ്‌കാരമെന്ന് അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് ഈസ പറഞ്ഞു.

ഖത്തറിലെ മുതിര്‍ന്ന പ്രവാസി വ്യവസായിയും സംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എം.പി ഷാഫി ഹാജി, കെ.വി അബ്ദുല്ലക്കുട്ടി, ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയങ്ങളായ പി. സുശീല, വാണി ജയറാം എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ഉപഹാരം അംബാസഡര്‍ക്ക് കൈമാറിയത്.

ഖത്തറിലെത്തി ദിവസങ്ങള്‍ക്കകം തന്നെ സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനകീയ അംബാസഡര്‍ എന്ന ഖ്യാതി നേടിയ പി. കുമരന്‍ ഇന്ത്യന്‍ സമൂഹത്തിന് വലിയ അനുഗ്രഹമാണെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ച കെ. മുഹമ്മദ് ഈസ പറഞ്ഞു.

തന്റെ ഔദ്യോഗിക ഉത്തരവാദിത്തം നിര്‍വ്വഹിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സമൂഹം നല്‍കിയ ഈ സ്‌നേഹാദരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുവാന്‍ കാരണമാകുമെന്നും അവാര്‍ഡ് സ്വീകരിച്ച് സംസാരിച്ച അംബാസഡര്‍ പറഞ്ഞു. മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അവാര്‍ഡ് ദാന ചടങ്ങ് നിയന്ത്രിച്ചു.

Sharing is caring!