പടയൊരുക്കം സ്വീകരണത്തിന് എ പി അനില്‍ കുമാര്‍ ഉണ്ടാകുമോ?

പടയൊരുക്കം സ്വീകരണത്തിന് എ പി അനില്‍ കുമാര്‍ ഉണ്ടാകുമോ?

മലപ്പുറം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ നാളെ മലപ്പുറത്ത് നടക്കുന്ന പടയൊരുക്കത്തില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയില്‍ ആരോപണ വിധേയരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ജില്ലയിലെ സോളാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട നേതാക്കളെ പങ്കെടുപ്പിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും, മുന്‍ മന്ത്രിമാരുമായ ആര്യാടന്‍ മുഹമ്മദും, എ പി അനില്‍കുമാറുമാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവര്‍. ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. പടയൊരുക്കം യാത്ര കാസര്‍കോട് നിന്ന് ആരംഭിക്കുന്നതിനു മുന്നേ യാത്രയ്ക്ക് ദോഷകരമായി ബാധിക്കുന്നവരെ ഉള്‍പ്പെടുത്തില്ലെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നവംബര്‍ 9ന് സഭയില്‍ വെക്കുമെന്ന് അറിഞ്ഞ് തന്നെ അദ്ദേഹം നടത്തിയ പ്രഖ്യാപനം വന്‍ വിവാദം വിളിച്ചു വരുത്തിയിരുന്നു.

ഈ സ്ഥിതി വിശേഷം നിലനില്‍ക്കേ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുടങ്ങുന്ന പടയൊരുക്കം ആരെയൊക്കെ ഉള്‍ക്കൊള്ളിക്കും, തള്ളുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ജനജാഗ്രത യാത്രയില്‍ നിന്ന് ആരോപണ വിധേയനായ പി വി അന്‍വര്‍ എം എല്‍ എയെ മാറ്റി നിറുത്തിയിരുന്നു. ആ പാത പിന്തുടര്‍ന്ന് ജില്ലയില്‍ എ പി അനില്‍കുമാര്‍ എം എല്‍ എയെ അകറ്റി നിറുത്തുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

അസുഖബാധിതനായി ആശുപത്രിയിലായതിനാല്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ജില്ലയിലെ പടയൊരുക്കത്തില്‍ പങ്കെടുക്കാനുണ്ടാകില്ലെന്നാണ് അറിയുന്നത്.

Sharing is caring!