കേരള ധനമന്ത്രി ജനങ്ങളോട് മാപ്പുപറയണം ഇ.ടി

കേരള ധനമന്ത്രി  ജനങ്ങളോട്  മാപ്പുപറയണം ഇ.ടി

മലപ്പുറം: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേല്‍പിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്ക് നീങ്ങുകയാണ്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖല അനുദിനം ക്ഷയിക്കുകയും ചെറുകിട ഇടത്തരം ഇന്ത്യന്‍ വ്യവസായ സംരംഭങ്ങള്‍ മിക്കതും അടച്ചുപൂട്ടുകയും ചെയ്യുന്നു. കയറ്റുമതിയില്‍ വന്‍തോതില്‍ ഇടിവുണ്ടായപ്പോള്‍ ഇന്ത്യ സമ്പന്ന രാജ്യങ്ങളുടെ ഇറക്കുമതി താവളമാവുകയും ചെയ്യുകയാണ്. ജി.എസ്.ടിയുടെ കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണച്ച കേരള ധനമന്ത്രി സംസ്ഥാനത്തെ ജനങ്ങളോട് മാപ്പുപറയണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഇ.ടി പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.എസ് ശബരീനാഥന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹാരിസ് കരമന സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം ബീമാപള്ളി റഷീദ്, ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം, ജില്ലാ സെക്രട്ടറി കരമന മാഹീന്‍, ചാന്നാങ്കര എം.പി സംബന്ധിച്ചു.

Sharing is caring!