കാലിക്കറ്റിലെ ഫീസ് വര്‍ധനക്കെതിരെ വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്

കാലിക്കറ്റിലെ ഫീസ് വര്‍ധനക്കെതിരെ  വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാക്കാന്‍ തീരുമാനം. പ്രൈവറ്റ് കോളജ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാല കവാടത്തിനു മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല സമരം നടത്തുന്നത്. കഴിഞ്ഞ നാലിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഫീസിന്റെ കാര്യം ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും യോഗം നടന്നില്ല. വെള്ളിയാഴ്ച മുതല്‍ രാപ്പകല്‍ സമരം തുടങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. തുടര്‍ന്ന് നിരാഹാര സമരം തുടരുമെന്നും സമരസമിതി നേതാക്കളായ പ്രഭാകരന്‍, സി.അജിത്, സോണി അറിയിച്ചു.

ഫീസ് വര്‍ധന പിന്‍വലിക്കുക, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ ഒരാഴ്ചയായി വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയിട്ടുള്ളത്. ഉയര്‍ത്തിയ ഫീസ് പുന:പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ഇതുസംബന്ധമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഓരോ ദിവസവും സമരത്തിന് വിവിധ കോളജുകളില്‍ നിന്നായി മുപ്പതോളം വിദ്യാര്‍ഥികളാണ് സമരപ്പന്തലിലെത്തുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമര മുഖത്തുണ്ടാകുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രതികരണം. ഒന്നാം വര്‍ഷ രജിസ്‌ട്രേഷനുള്ള അവസാന ദിവസം 15 നാണ് അവസാനിക്കുക. അതിനു മുമ്പ് ഉയര്‍ത്തിയ ഫീസ് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും.

അതേ സമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ രജിസ്‌ട്രേഷന്റെ പുതിയ ഫീസ് ഘടനാ മാറ്റം വിദ്യാര്‍ഥികള്‍ക്ക് അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് നടപടിക്ക് നിര്‍ദ്ദേശം. ആള്‍ കേരള കോ ഓപ്പറേറ്റീവ് കോളജ് അസോസിയേഷന്‍ മുഖ്യ മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അണ്ടര്‍ സെക്രട്ടറി രജിസ്ത്രാര്‍ക്ക് നിര്‍ദ്ദേശം കൈമാറിയത്. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം നല്‍കുന്നവര്‍ക്കെല്ലാം കോണ്‍ടാക്ട് ക്ലാസും സ്റ്റഡിമെറ്റീരിയലും നല്‍കി ക്വാളിറ്റി ഉറപ്പാക്കണമെന്നായിരുന്നു

യു.ജി.സിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് നേരത്തേ ഉണ്ടായിരുന്ന പ്രൈവറ്റ്, റഗുലര്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഒഴിവാക്കി എല്ലാവരില്‍ നിന്നും റഗുലര്‍ ഫീ ഈടാക്കുകയാണ് ഈ വര്‍ഷം. ഇത് കഴിഞ വര്‍ഷം പ്രൈവറ്റായി രജിസ്തര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ അടക്കേണ്ടിയിരുന്ന ഫീയേക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍ അടവാക്കണം. കൂടാതെ ഓരോ വര്‍ഷവും ഫീ അടവാക്കണമെന്നതും വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയാവും. പ്രവേശനത്തിന് പുതിയ മാന ദണ്ഡത്തോടെ ഉത്തരവ് വന്നതോടെ വിവിധ സംഘടനകള്‍ സമരത്തിലാണ്. കോ ഓപ്പറേറ്റീവ് കോളജ് അസോസിയേഷന്‍ മുഖ്യ മന്ത്രി, സഹകരണ മന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Sharing is caring!