ഹൈവേ സമരത്തെ അനുകൂലിച്ച കെടി ജലീലിന്റെ പഴയ പ്രസംഗം ചര്‍ച്ചയാവുന്നു

ഹൈവേ സമരത്തെ അനുകൂലിച്ച കെടി ജലീലിന്റെ പഴയ പ്രസംഗം  ചര്‍ച്ചയാവുന്നു

മലപ്പുറം: വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്നതിനെതിരെ മന്ത്രി കെടി ജലീലിന്റെ പഴയ പ്രസംഗം ചര്‍ച്ചയാവുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കോട്ടക്കലില്‍ നടത്തിയ പ്രതിഷേധപരിപാടിയിലായിരുന്നു കെടി ജലീലിന്റെ പ്രസംഗം. കഴിഞ്ഞ ദിവസം ഗെയ്ല്‍ സമരത്തെ തള്ളിപ്പറഞ്ഞ് കെടി ജലീല്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാതലത്തിലാണ് പഴയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ കാരണമായത്.

ഗെയ്ല്‍ പൈപ്പ്‌ലൈനെതിരെ സമരം ചെയ്യുന്നുവരെ രൂക്ഷമായി പരിഹസിച്ച് കഴിഞ്ഞദിവസം കെടി ജലീല്‍ രംഗത്തെത്തിയിരുന്നു. ഗെയ്ല്‍ സമരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ എല്ലാവര്‍ക്കും വികസനം വേണം എന്നാല്‍. തന്റെ പറമ്പിലൂടെ പോകെരുതെന്നതാണ് എല്ലാവരുടെയും ആവശ്യം. എല്ലാം ആകശത്തിലൂടെ പോവട്ടെ എന്ന നിലപാട് ശരിയല്ല. മുസ്ലിം ലീഗിന്റെ എതിര്‍പ്പ് കാര്യമാക്കുന്നില്ല. അവരു ഭരണകാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. കാര്യങ്ങള്‍ ഇങ്ങനെ ആയാല്‍ ഒരു കാലത്തും ഒരു വികസനവും നടക്കില്ല. മഹല്ല് കമ്മറ്റിയുടെ കത്തില്ലാതെ പള്ളിപ്പറമ്പിന് മുകളിലൂടെ എങ്ങനെ വിമാനം പറക്കും എന്ന് ചോദിക്കാത്തത് അതിന് കഴിയാത്തത് കൊണ്ടാണ് ‘

 

വികസനത്തിന് രണ്ട് വ്യാഖ്യാനങ്ങളുണ്ടെന്ന ആമുഖത്തോടെയാണ് ഹൈവേ വിരുദ്ധ സമരത്തെ അനുകൂലിച്ച് കെടി ജലീല്‍ സംസാരിക്കുന്നത്. ഒന്ന് ജനകീയമായ വ്യാഖ്യാനമാണ്. രണ്ട് ലാഭാധിഷ്ടിതമായ കാഴ്ചപ്പാടാണ് എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വികസനം അടിച്ചേല്‍പ്പിക്കാന്‍ കേരളത്തില്‍ കഴിയില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്. മലയാളിയുടെ ഇടത്പക്ഷ ബോധമാണ് കേരളത്തിന്റെ കരുത്തെന്നും വലത്പക്ഷ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ ഈ ഇടത്പക്ഷ മനസ്സുള്ളവരാണെന്നും അദ്ദേഹം പറയുന്നുണ്ട്. അവകാശ സംരക്ഷണപോരാട്ടത്തില്‍ കേരളത്തിന്റെ സ്ഥാനം വലുതാണെന്നും അദ്ദേഹം പറയുന്നു.

മനുഷ്യരെ കുടിയിറക്കി നിരവധി മനുഷ്യരെ തെരുവിലറക്കി എന്ത് വികസനം കൊണ്ട് വരണമെന്നാണ് വികസനത്തെ മുതലാളിത്ത കാഴ്ചപാടിലൂടെ കാണുന്നവര്‍ വ്യാഖ്യാനിക്കുന്നത്. മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വികസനത്തിന്റെ ഫലം അനുഭവമാകുമ്പോള്‍ മാത്രമേ അതിനെ വികസനമെന്ന് വിളിക്കാന്‍ കഴിയു. ധനാഡ്യന്‍മാര്‍ക്കും കുബേരന്‍മാര്‍ക്കും ന്യൂനപക്ഷത്തിനും മാത്രം നേട്ടം കിട്ടുന്ന പദ്ധതികളെ വികസനമെന്നല്ല വിളിക്കേണ്ടത്. അത് രാജ്യത്തിന്റെ തകര്‍ച്ചയിലേക്കുള്ള വഴിയാണെന്നും അദ്ദേഹം പറയുന്നു. അവകശപോരട്ടത്തില്‍ താന്‍ അടക്കമുള്ള ജനപ്രതിനിധിനികള്‍ കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

Sharing is caring!