നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം

കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടേയും നോട്ടുകള്‍ നിരോധിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഈ കാലയളവിനുള്ളില്‍ മലപ്പുറം ജില്ലയിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. പഴയനോട്ടുകള്‍ നിരോധിച്ച് പുതിയ 2000,500 നോട്ടുകള്‍ നിലവില്‍വന്നതിനു ശേഷം മാത്രം മലപ്പുറം ജില്ലയില്‍നിന്ന് പിടികൂടിയത് 13,69.34,000 രൂപയുടെ കുഴല്‍പണമാണ്. ഇതില്‍ പെരിന്തമണ്ണയില്‍ ഒമ്പത് കുഴല്‍പണകേസുകളാണ് രിജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പിടികൂടിയ പണത്തില്‍ 5.47,38.500രൂപയും പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍വെച്ച് പിടികൂടിയതാണ്.

അതേ സമയം മലബാറിലേക്കുള്ള കോടികളുടെ കുഴല്‍പണം പോലീസ് പിടികുടുന്നത് ഒറ്റുകാരുടെ സഹായത്തോടെയാണ്. നോട്ട് നിരോധനത്തിനു ശേഷം മലപ്പുറം ജില്ലയില്‍നിന്ന് മാത്രമായി പിടികൂടിയ 13.69കോടിരൂപയിലെ 90ശതമാനവും ഒറ്റുകാരുടെ സഹായത്തോടെയാണു പോലീസ് പിടികൂടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്റക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളാണു ഇത്തരം കള്ളപ്പണം പിടികൂടാന്‍ പോലീസിനെ സഹായിക്കുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണു പിടികൂടുന്ന പണത്തിന്റെ ഭൂരിഭാഗവും എത്തിക്കുന്നത്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് കാര്‍ മാര്‍ഗംകൊണ്ടുപോകുമ്പോഴാണു കൂടുതല്‍ കൂഴല്‍പണ സംഘങ്ങള്‍ പിടിയിലായത്. വണ്ടിയുടെ നമ്പറും കളറും പേരും പണവും സമയവും അടക്കം വ്യക്തമായ വിവരങ്ങള്‍നേരത്തെതന്നെ പോലീസിന് ലഭിക്കും. ഇതോടെ സംഘത്തെ വേഗത്തില്‍ പിടികൂടാന്‍ സാധിക്കും. ഏതുവഴിയാണു പണം എത്തുന്നതെങ്കില്‍ ജില്ലാപോലീസ് മേധാവിക്ക് നേരത്തെ വിവരം എത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ അതത് മേഖലയിലെ എസ്.ഐയെ വിളിച്ച് എസ്.പി വിവരം കൈമാറും. ഇത്തരത്തില്‍ ലഭിച്ച രഹസ്യവിവരങ്ങളില്‍ ഒന്നുംതന്നെ തെറ്റായി വന്നിട്ടില്ലെന്നതും പോലീസിന് ഒറ്റുകാരിലുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചു.

ഇതിന് പുറമെ കുഴല്‍പണ ഇടപാടുകള്‍ നിരീക്ഷിക്കാനായി പ്രത്യേക പോലീസ് സംഘത്തെ തന്നെ മലപ്പുറം ജില്ലാ പോലീസ് മേധാവി നിയോഗിച്ചിട്ടുണ്ട്.

ഒന്നര കോടിയിലധികം രൂപയുടെ കുഴല്‍പ്പണവുമായി കഴിഞ്ഞ ദിവസം രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായതും ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്.

ഇതിനുപുറമെ വേങ്ങര ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് 79.76ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ കുറ്റിപ്പുറത്ത് പിടിയിലായതും ഇതെ ഒറ്റുകാരുടെ സഹായത്തോടെയാണ്. രഹസ്യവിവരങ്ങള്‍ കൈമാറുന്നത് ഒരുവ്യക്തിയാണോ, അതോ വ്യക്തികളാണോയെന്നുപോലും പറയാന്‍ പോലീസ് തെയ്യാറല്ല. വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയുടെ വിവരങ്ങള്‍ ഒരിക്കലും പുറത്തുപറയില്ലെന്ന ഉറപ്പുനല്‍കിയതിനാലാണു ഇത്തരം ഇടപാടുകള്‍ രഹസ്യമായി വീണ്ടും അറിയാന്‍ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഏറ്റവും കൂടുതല്‍ കേസുകളും പണവും പിടികൂടിയത് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്.

 

തമിഴ്നാട്ടില്‍നിന്നും പാലക്കാട് വഴി എത്തിച്ച പണമാണു ഇവിടെ നിന്നും പിടികൂടിയത്. കാറില്‍ കടത്തുമ്പോള്‍ പ്രത്യേക രഹസ്യഅറിയുണ്ടാക്കി ഇതില്‍ ഒളിപ്പിച്ചാണു കടത്തുന്നത്. പിടികൂടിയ രഹസ്യഅറകള്‍ എല്ലാം സമാനമായ രീതിയില്‍ നിര്‍മിച്ചതാണെന്നും പോലീസ് പറയുന്നു. സാധാരണ പരിശോധനകളില്‍ കാണാന്‍ സാധിക്കാത്ത രീതിയിലാണു രഹസ്യഅറ നിര്‍മിക്കുന്നത്. ചെറിയൊരു ദ്വാരത്തിലൂടെ കമ്പിക്കഷ്ണം ഇട്ട് തിരിക്കുമ്പോഴാണു രഹസ്യ അറ തുറക്കുക.

ഇത്തരം പണം എത്തിക്കാന്‍ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ പലരും പോലീസ് നിരീക്ഷത്തിലാണ്. കള്ളക്കടത്ത് സ്വര്‍ണം അന്യസംസ്ഥാനങ്ങളില്‍ വിറ്റ ശേഷം ഈപണം തിരിച്ചുകൊണ്ടുവരുമ്പോഴാണു കൂടുതലായും പിടിക്കപ്പെടുന്നത്.

 

ഒരു കോടി അറുപത്തി ഒമ്പത് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി അഞ്ഞൂറ് രൂപയുമായുമായാണ് കഴിഞ്ഞ ദിവസം രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായത്.

പാലക്കാട് നിന്നും കോഴിക്കോട്ടെക്ക് കുഴല്‍ പണം കൊണ്ടുവരുന്ന കാറിന്റെ നമ്പര്‍ സഹിതമാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.45 ഓടുകൂടി അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍വശത്ത് സീറ്റിനോട് ചേര്‍ന്ന് പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്.

 

തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയും സ്വര്‍ണ്ണ ബിസ്‌ക്കറ്റും വിദേശ കറന്‍സികളും പാലക്കാട് വഴി മലബാര്‍ മേഖലയിലേക്ക് കാറുകളിലും കരിയര്‍ മുഖാന്തിരം ട്രൈയിനുകളിലും കടത്തികൊണ്ടു വരുന്നതായും പോലീസ് സ്ഥിരീകരിച്ചു.

 

Sharing is caring!