കേരളം ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര മന്ത്രിയും നിരാകരിച്ചു

കേരളം ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര മന്ത്രിയും നിരാകരിച്ചു

ഹജ്ജ് തീര്‍ഥാടനത്തിന് അഞ്ചാംവര്‍ഷ അപേക്ഷകരെ നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുക്കണമെന്നും കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റായി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു.

പുതിയ ഹജ്ജ് കരട് നയത്തില്‍ കേരളം ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര മന്ത്രിയും നിരാകരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. അടുത്ത വര്‍ഷം നേരിട്ട് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചാം വര്‍ഷ അപേക്ഷകര്‍ ഇതുവരെയുള്ളത്. ഇവര്‍ക്ക് നിരാശ നല്‍കുന്ന നിലപാടാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇത് പിന്‍വലിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു.

70 വയസ് കഴിഞ്ഞവര്‍ക്കും സഹായിക്കുമുള്ള സംവരണം പുതിയ ഹജ്ജ് നയത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. 70 വയസു കഴിഞ്ഞവര്‍ക്ക് മാത്രം സംവരണം നല്‍കുന്നത് പരിഗണിക്കാമെന്നാണ് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി മന്ത്രി കെ.ടി. ജലീലിനോട് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് യോഗം വിലയിരുത്തി.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നെടുമ്പാശ്ശേരിയെ സ്ഥിരപ്പെടുത്തുമെന്നും കരിപ്പൂരിന്റെ കാര്യം ഇപ്പോള്‍ ചിന്തിക്കാനാവില്ലെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഉള്‍ക്കൊള്ളാനാവില്ല. കരിപ്പൂരിന്റെ കാര്യം 2019 ല്‍ ആലോചിക്കാമെന്നാണ് മന്ത്രി പറയുന്നത്. നേരത്തെ 2018ല്‍ പരിഗണിക്കാമെന്നാണ് പറഞ്ഞിരുന്നത്. ഇത്തവണ 300 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഹജ്ജ് സര്‍വിസ് നടത്തിയത്. കരിപ്പൂരില്‍ നിന്ന് ഇത്തരം വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതിന് പ്രയാസമില്ല. ഹജ്ജ് ഹൗസും ഹജ്ജ് ക്യാംപിനുള്ള സൗകര്യങ്ങളുമെല്ലാം കരിപ്പൂരിലുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അഞ്ച് ശതമാനം ക്വാട്ട വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. ക്രമേണ സംസ്ഥാനങ്ങളുടെ ക്വാട്ട ഇല്ലാതാകും.

മക്കയില്‍ തീര്‍ഥാടകര്‍ക്ക് കെട്ടിടങ്ങള്‍ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവണം. മെഡിക്കല്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരായി പ്രാദേശിക ഭാഷ അറിയുന്നവരെ ഉള്‍പ്പെടുത്തണം, മെഹ്റം സംബന്ധിച്ച് ശരീഅത്ത് നിയമം പാലിക്കപ്പെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നതിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ ആഗോളതലത്തില്‍ ടെന്‍ഡര്‍ വിളിച്ച് തീര്‍ഥാടകരെ വിമാനക്കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഇ.കെ അഹമ്മദ്കുട്ടി, അബ്ദുറഹ്മാന്‍ പെരിങ്ങാടി, അഹമ്മദ് മൂപ്പന്‍, എ.കെ അബ്ദുറഹ്മാന്‍, ഷരീഫ് മണിയാട്ടുകുട്ടി, അസി. സെക്രട്ടറി. ടി.കെ അബ്ദുറഹ്മാന്‍, കോ ഓര്‍ഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ യോഗത്തില്‍ സംബന്ധിച്ചു.

 

Sharing is caring!