മലപ്പുറത്തുകാര്‍ തിരിച്ചറിഞ്ഞു ഈ ഗണിത അധ്യാപികയെ
മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ഓഫീസിലെ സ്റ്റാഫായ തിരുവന്തപുരം സ്വദേശി എം.ആര് വിദ്യാ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിടുമ്പോള്‍ ഓര്‍ത്തിരിക്കില്ല, വല്‍സ ടീച്ചറുടെ ജീവിതം തന്നെ ഇത് മാറ്റിമറിക്കുമെന്ന്. തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയെ പരിചയപ്പെട്ടതും അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തതും വ്യക്തമാക്കി വിദ്യയിട്ട ഫേസ്ബുക്ക് പോ്സ്റ്റ് കണ്ട് ടീച്ചറെ തിരിച്ചറിഞ്ഞ് ഏറ്റെടുക്കാനായി മലപ്പുറത്തെ ശിഷ്യര്‍ താമ്പാനൂരിലേക്ക് പുറപ്പെട്ടു. ഇപ്പോള്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലാണ് വത്സ ടീച്ചര്‍ ഉള്ളത്. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളില്‍ ഗണിത അധ്യാപികയായിരുന്നുവെന്നും തിരുവനന്തപുരം പേട്ടയിലാണ് വീടെന്നുമുള്ള വിവരങ്ങള്‍ വത്സ ടീചചര്‍ വിദ്യായോട് പറഞ്ഞിരുന്നു. ഇതെല്ലാം ചേര്‍ത്ത് വെച്ചാണു വിദ്യാതന്റെ ഫേസ്ബുക്കില്‍ ഇന്നലെ പോസ്റ്റിട്ടത്. ഇതോടെയാണ് ടീച്ചറുടെ ദുരിതങ്ങള്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞത്. അറിയുന്ന നിരവധി പേര് വിദ്യയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു. ഒരു സംഘം വിദ്യാര്‍ഥികള്‍ ടീച്ചറെ കാണാനായി പുറപ്പെടുകയും ചെയ്തു.
വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഇന്നു രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഒരു സുഹൃത്തിനേം കാത്ത് നില്‍ക്കുകയായിരുന്നു.
മുഷിഞ്ഞ വസ്ത്രത്തില്‍ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്.
തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകള്‍ താഴെ.
അടുത്തു നിന്ന മരത്തില്‍ നിന്നും കൊമ്പുകള്‍ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതില്‍ നില്ക്കുന്ന ചെറിയ കായ പറിച്ചു കഴിക്കുന്നു.
‘വിശക്കുന്നുണ്ടോ?’ ഞാന്‍ ചോദിച്ചു.
‘ഇല്ല ” മറുപടി
‘കഴിക്കാന്‍ വല്ലതും വേണോ?’
ആ കണ്ണുകള്‍ പെട്ടെന്നൊന്നു തിളങ്ങി.
‘കയ്യിലുണ്ടോ ‘
അവര്‍ വണ്ടിയ്ക്കു മുന്നിലിരുന്ന ഹെയര്‍ ഓയില്‍ പായ്ക്കറ്റിലേയ്ക്കു നോക്കി.
‘അമ്മ ഇവിടെ തന്നെ നില്‍ക്കണം.
ഞാന്‍ പോയി വാങ്ങി വരാം.’
‘അതങ്ങു ദൂരെ പോണ്ടേ ‘
‘വിശക്കുമ്പോള്‍ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.’
കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി
ഇഡലി വട വാങ്ങി തിരിച്ചെത്തി.
വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയില്‍ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു.
ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളില്‍ വച്ചു.
എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവര്‍ തുടര്‍ന്നു.
മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായ വത്സ എന്നു പേരുള്ള ടീച്ചര്‍ ആണിത്.
എയ്ഡഡ് സ്കൂള്‍.
തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്.
ഒരു മകനുണ്ട്.
പെന്ഷന് ആയിട്ട് ഏഴ് വര്‍ഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസില്‍ ഇട്ടിട്ടുണ്ട്.
5000 രൂപ പെന്‍ഷനുണ്ട്.
പിന്നെങ്ങനെ ഇവിടെ ഈ രൂപത്തില്‍!
ഇതാണ് ജീവിതം…
ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ…
പഴയ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും തിരിച്ചറിഞ്ഞാലോ?
ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം .
എടുത്തോളൂ
‘അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാന്‍ പോട്ടെ ‘
ഫോണില്‍ സമയം നോക്കി.
കൃത്യം 11.10
”ഇനി എങ്ങോട്ടാ ടീച്ചറെ ‘
‘ശ്രീകണ്ഠേശ്വരത്ത് ‘
മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നില്‍ക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേര്‍ന്ന വത്സ ടീച്ചര്‍.
പറഞ്ഞത് മുഴുവന്‍ സത്യമാണോന്നറിയില്ല.
പക്ഷേ ഒന്നുറപ്പ് . ഇത് തെരുവിലെ ഭ്രാന്തിയല്ല.
വിദ്യാസമ്പന്നയായ ഒരധ്യാപിക തന്നെയാണിവര്‍.
ഈ പോസ്റ്റ് ഒരു നിമിത്തമാകട്ടെ. അവര്‍
പറഞ്ഞത് സത്യമാണെങ്കില്‍ മലപ്പുറത്തെ ഏതെങ്കിലുമൊരു വ്യക്തി ഈ അധ്യാപികയെ യോ ആ സ്കൂളോ തിരിച്ചറിഞ്ഞെങ്കില്‍ …
https://www.facebook.com/vidyamurugann/posts/1757681140930250” rel=”noopener” target=”_blank”>https://www.facebook.com/vidyamurugann/posts/1757681140930250
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]