മൃദുസമീപനത്തിലുണ്ടായിരുന്ന കാന്തപുരം വിഭാഗവും സി.പി.എമ്മിനെതിരെ
ഏഴാം നൂറ്റാണ്ട് പരാമര്‍ശവും ഗെയില്‍ സമരത്തോടുളള സി.പി.എം നിലപാടും കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സി.പി.എമ്മിനോട് മൃദുസമീപനവും തെരഞ്ഞെടുപ്പുകളില്‍ അനുകൂല നിലപാടും സ്വീകരിക്കുന്ന എ.പി സുന്നി വിഭാഗവും ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഗെയില്‍ സമരക്കാര്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ മര്‍ദനമേറ്റ കേരള മുസ്ലിം ജമാഅത്ത് നേതാവ് ഇസ്മാഈല്‍ വഫയെ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എ.പി സുന്നി വിഭാഗം ഗെയില്‍ സമരത്തിനനുകൂലമായി പ്രചാരണം നടത്തുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി ജോര്‍ജ്ജ് എം തോമസിന്റെ വിജയത്തില്‍ എ.പി സുന്നി വിഭാഗത്തിന്റെ പിന്തുണ നിര്‍ണ്ണായകമായിരുന്നു. പിണറായി സര്‍ക്കാറിന്റെ ഭരണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് അടുത്തിടെ വരെ അവരുടെ പ്രധാന നേതാക്കള്‍ തന്നെ പറഞ്ഞിരുന്നത്.
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ബലപ്രയോഗത്തിലൂടെ നടപ്പാക്കുന്നതിനെതിരെ സമരം ചെയ്യുന്ന, സ്വന്തം പാര്ട്ടിക്കാരടക്കമുള്ളവരെ മുഴുവന്‍ തീവ്രവാദികളും വികസന വിരോധികളുമാണെന്ന് മുദ്ര കുത്തുന്ന ഇടതു സര്‍ക്കാര്‍ നിലപാട് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പിണറായി സര്‍ക്കാറിന്റെ ഭരണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ഈയിടെ വരെ വ്യക്തമാക്കിയ എ.പി വിഭാഗം ഇപ്പോള്‍ സി.പി.എമ്മിനും സര്‍ക്കാറിനുമെതിരെ തിരിഞ്ഞിരിക്കുന്നത് പ്രതിഷേധത്തിന്റെ, സ്വന്തം പക്ഷത്തു തന്നെയുള്ള അമര്‍ഷം വ്യക്തമാക്കുന്നു. ഗെയില്‍ സമരക്കാര്‍ക്കെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍, പ്രവാചകന് ജീവിക്കുകയും മതം പ്രചരിപ്പിക്കുകയും ചെയ്ത ഏഴാം നൂറ്റാണ്ടിനെ ‘പ്രാകൃതം’ എന്നു വിശേഷിപ്പിച്ചത് മുമ്പ് പിന്തുണ ഇടതുപക്ഷത്തിന് നല്‍കിയിരുന്ന മുസ്ലിം സംഘടനകളെ പോലും അകറ്റാന്‍ കാരണമായിരിക്കുകയാണ്.
ഗെയില്‍ വിരുദ്ധ സമരം കത്തി നില്ക്കുന്ന കാരശ്ശേരി പഞ്ചായത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് പോലും ജോര്‍ജ്ജ് എം തോമസ്, പദ്ധതി നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കിയരുന്നതായി അണികള്‍ തന്നെ പറയുന്നു. ഗെയില്‍ സമരത്തിനു പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന സിപിഎം നിലപാട് ഇവിടുത്തെ പാര്‍ട്ടി അണികള്‍ക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗെയില്‍ സമരം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത രൂപത്തിലുളളതാണെന്ന പ്രസ്താവന വന്നത്.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]