നാളെ കലക്‌ട്രേറ്റില്‍ ഗെയില്‍ ചര്‍ച്ച

നാളെ കലക്‌ട്രേറ്റില്‍ ഗെയില്‍ ചര്‍ച്ച

മലപ്പുറം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതോടെ ജില്ലാകലക്ടര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. ജില്ലയിലെ എം പി, എം എല്‍ എമാര്‍, പദ്ധതി കടന്ന് പോകുന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരാണ് നാളെ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുക.പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയും ആശങ്ക പരിഹരിക്കുകയുമാണ് ലക്ഷ്യം. 2013 ഡിസംബറില്‍ പദ്ദതി പൂര്‍ത്തിയാക്കാനായിരുന്നു അദ്യംകേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ സമരങ്ങളെ തുടര്‍ന്ന് നീട്ടിനല്‍കുകയായിരുന്നു. 2018 ജൂണിലാണ് അവസാന സമയം നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാനാകാത്തതിനാല്‍ പോലീസ് സംരക്ഷണമുള്‍പ്പെടെ ഏത് വിധേനയും പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. വേഗത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഓട്ടോമാറ്റിക് വെല്‍ഡിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കും. കോടതിയുടെ തടസമില്ലാത്തതിനാല്‍ പൈപ്പിടല്‍ നിര്‍ത്തിവെക്കേണ്ട ആവശ്യമില്ലെന്ന് ഗെയില്‍ ജനറല്‍മാനേജര്‍ ടോണി മാത്യു പറഞ്ഞു.

437കിലോമീറ്ററാണ് ആകെയുള്ള നീളം. ഇതില്‍ 4.3 കിലോമീറ്ററും കേരളത്തിലൂടെയാണ് കടന്ന് പോകുന്നത്. 106 കിലോമീറ്റര്‍ ദൂരം പൈപ്പിന്റെ വെല്‍ഡിംഗ് ജോലികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. 75 കിലോമീറ്റര്‍ പൈപ്പ് മണ്ണിട്ടതായും അദ്ദേഹം പറഞ്ഞു. പത്ത് മീറ്റര്‍ വീതിയില്‍ പൈപ്പിടാനായി ആകെ 1250 ഏക്കര്‍ ഭൂമിയാണ് ഗെയില്‍ ഏറ്റെടുക്കുന്നത്. പത്ത് സെന്റില്‍ താഴെ ഭൂമിയുള്ളവരാണെങ്കില്‍ ഭാവിയില്‍ വീട് വെക്കാനാകുന്ന തരത്തില്‍ രണ്ട് മീറ്ററാക്കി ചുരുക്കിയാണ് പൈപ്പ് കൊണ്ടു പോവുക.

ഏഴ് ഭാഗങ്ങളിലായിട്ടാണ് ഇപ്പോള്‍ പൈപ്പിടല്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. മലപ്പുറത്തും കോഴിക്കോടും മാത്രമാണ് പ്രതിഷേധം ശക്തമായിട്ടുള്ളതെന്നും 70 ലക്ഷം രൂപ ഗെയ്ലിന് നഷ്ടം സംഭവിച്ചതായുമാണ് കണക്ക്. നഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ പോലീസില്‍ ഗെയില്‍ അധികൃതര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. കടല്‍തീരം വഴിയും കനോലി കനാലിലൂടെയും പൈപ്പിടുക അസാധ്യമാണെന്നാണ് അവര്‍ പറയുന്നത്. കടല്‍തീരത്തിലൂടെ പദ്ധതി കൊണ്ടു പോയാല്‍ ജനങ്ങളിലേക്ക് വാതകം എത്തിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ മറുപടി. കനോലി കനാലിന്റെ പല ഭാഗങ്ങളും ആവശ്യത്തിന് വിസ്തീര്‍ണമില്ല. ഇതുകൊണ്ട് തന്നെ ഇതും സാധ്യമല്ല. അദ്ദേഹം പറഞ്ഞു.

Sharing is caring!