ഗെയില്‍പൈപ്പ് ലൈന്‍: മലപ്പുറം കലക്ടര്‍ പറയുന്നു
മലപ്പുറം: ഗെയില്‍പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ 10 സെന്റില്താഴെ മാത്രം ഭൂമിയുള്ളവര്‍ക്ക് പ്രത്യേക ഇളവ് നല്കാന് തീരുമാനിച്ചതായി മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ. പൈപ്പ് ലൈന്‍ പ്രൊജക്ട് ഇപ്പോള്‍ നടപ്പാക്കുമെന്നും മലപ്പുറം ജില്ലയില്‍ പ്രത്യേക സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുമെന്നും കലക്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭൂമിയുടെ രേഖകള്‍ കിട്ടിയാല്‍ 10ദിവസത്തിനകം നഷ്ടപരിഹാരം നല്‍കും. നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കില്ലെന്നും കലക്ടര്‍ പറഞ്ഞു.
നിലവില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച്ച രാഷ്ട്രീയ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ നടപ്പാക്കുന്ന ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ ഗെയില്‍ ചീഫ് മാനേജറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉച്ചയോടെ കലക്ട്രേറ്റില്‍ പത്രസമ്മേളനം നടത്തിയത്.
അതേ സമയം പാര്‍ട്ടിയും സംഘടനയും മറന്ന് ഗെയില്‍ പൈപ്പ് ലൈന്‍പദ്ധതിക്കെതിരെ പ്രാദേശികമായി നാട്ടുകാര്‍ ഒറ്റക്കെട്ടായി ജില്ലയില്‍ സമര രംഗത്തുണ്ട്. എന്തുവിലകൊടുത്തും പദ്ധതി തടയുമെന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും മാറ്റി പദ്ധതി നടപ്പാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ് ലൈന്‍ നടപ്പാക്കുന്നതിനെതിരെ സമരരംഗത്തുള്ളവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജനകീയ സമര സമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. കിഴക്കേതല സുന്നി മഹല്‍ പരിസരത്തു നിന്ന് നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന് പരിസരത്ത് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞിരുന്നു.
കുന്നുമ്മല്‍ ജംഗ്ഷന് ഉപരോധിക്കാനാണ് തീരുമാനമെന്നറിയിച്ചെങ്കിലും പൊലീസ് സമരക്കാരെ കടത്തി വിട്ടില്ല. സിവില്‍ സ്റ്റേഷന് കവാടം പൊലീസ് നേരത്തേ അടച്ചിരുന്നു. കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സമര സമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് കുന്നുമ്മല്‍ ദേശീയ പാത ഉപരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അല്പ നേരത്തെ വാക്ക് തര്‍ക്കത്തിനും മുദ്രാവാക്യം വിളികള്‍ക്കുമൊടുവില്‍ സമരക്കാര്‍ കോട്ടപ്പടി പൊലീസ് സ്റ്റേഷന് മുന്‍വശം റോഡ് ഉപരോധിക്കുമെന്നറിയിച്ച് തിരിച്ചു പോയി.
എന്നാല്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്തു കൂടെ മാര്‍ച്ച് നേരെ കുന്നുമ്മലിലേക്ക് വരികയായിരുന്നു. ഇതോടെ കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരത്തേക്ക് നീങ്ങി. കുന്നുമ്മലിലെത്തിയ സമരക്കാരും പൊലീസും കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മുഖാമുഖം നിന്നതോടെ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ മഞ്ചേരി റോഡ് വഴിയും കലക്ടറേറ്റിന് സമീപത്തെ താമരക്കുഴി റോഡ് വഴിയുമൊക്കെ തിരിച്ചുവിട്ടു. 12.30 ഓടെയാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.
പ്രതിഷേധ സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]