അരീക്കോട് നഗരസൗന്ദര്യവത്കരണം തുടങ്ങി

അരീക്കോട്: 2.60 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന അരീക്കോട് ടൗണ് സൗന്ദര്യവല്ക്കരണ പ്രവര്ത്തി പി കെ ബഷീര് എം എല് എ ഉദ്ഘാടനം ചെയ്തു. അരീക്കോട് പാലം മുതല് മഞ്ചേരി റോഡില് 1650 മീറ്റര് റോഡും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
ഏറനാട് മണ്ഡലത്തിന്റെ വികസനത്തിലെ നാഴികകല്ലാണ് പദ്ധതിയെന്ന് എം എല് എ കൂട്ടിച്ചേര്ത്തു. ഏറനാട് മണ്ഡലത്തിലെ റോഡ് വികസനത്തിനാണ് സര്ക്കാര് ഏറ്റവും കൂടുതല് ഫണ്ട് ലഭ്യമാക്കിയതെന്ന് എം എല് എ പറഞ്ഞു. അരീക്കോട് ടൗണിനു പുറമേ കാവനൂര്, കിഴിശ്ശേരി ടൗണുകളും വികസിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ ടൗണുകളിലെല്ലാം മഴയ്ക്ക് ശേഷം നിര്മാണ പ്രവര്ത്തികള് ആരംഭിക്കും. വിജയ ടാക്കീസ് മുതല് പുത്തലം വരെ അരീക്കോട് ടൗണ് സൗന്ദര്യവല്ക്കരണം രണ്ടാം ഘട്ടത്തില് വികസിപ്പിക്കാന് നടപടി സ്വീകരിക്കുമെന്നും എം എല് എ അറിയിച്ചു. റോഡ് വികസനത്തിന് സ്വമേധയ സ്ഥലം വിട്ടു നല്കുന്നവര്ക്ക് സര്ക്കാര് ആനുകൂല്യങ്ങള് ലഭിക്കുമെന്ന് എം എല് എ പറഞ്ഞു.
ആവശ്യമായ ഭാഗങ്ങള് ഉയര്ത്തിയും, റോഡ് വീതികൂട്ടി അരികു ചാലുകള് നിര്മിച്ചും, വെള്ളക്കെട്ട് ഒഴിവാക്കാന് കലുങ്കുകള് സ്ഥാപിച്ചും, അരികു ചാലുകള്ക്ക് മുകളില് നടപ്പാത സ്ഥാപിച്ചുമാണ് ടൗണ് വികസിപ്പിക്കുന്നത്. നിര്മാണം പൂര്ത്തിയാകുന്നതോടെ അരീക്കോട് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. ഇത് ഈ വഴി കോഴിക്കോട് മെഡിക്കല് കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് പോകുന്ന രോഗികള്ക്കും, ഇതുവഴി കടന്നു പോകുന്ന ആയിരകണക്കിന് വാഹനങ്ങള്ക്കും അനുഗ്രഹമാകുമെന്ന് എം എല് എ പറഞ്ഞു.
അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മുനീറ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്, നിരത്തുകളും, പാലങ്ങളും വിഭാഗം, മഞ്ചേരി, എസ് ഹരീഷ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്, നിരത്തുകള് ഉപവിഭാഗം, മഞ്ചേരി, സി ഇബ്രാഹിം റിപ്പോര്ട്ട് അവതരിപ്പിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന് ലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെംബര് അഡ്വ പി വി മനാഫ്, അരീക്കോട് ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷന് എ ഡബല്യു അബ്ദുറഹ്മാന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള് എന്നിവര് സംബന്ധിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്, നിരത്തുകള് വിഭാഗം, മഞ്ചേരി, സി എഫ് ലിയോണ്സ് നന്ദി പറഞ്ഞു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]