ഗെയിലിനെതിരെ രാഷ്ട്രീയം മറന്ന് ഇരകളും നാട്ടുകാരും

ഗെയിലിനെതിരെ രാഷ്ട്രീയം  മറന്ന് ഇരകളും നാട്ടുകാരും

മലപ്പുറം: പാര്‍ട്ടിയും സംഘടനയും മറന്ന് ഗെയില്‍ പൈപ്പ് ലൈന്‍പദ്ധതിക്കെതിരെ നാട്ടുകാര്‍ ഒറ്റക്കെട്ട്. എന്തുവിലകൊടുത്തും പദ്ധതി തടയുമെന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും മാറ്റി പദ്ധതി നടപ്പാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ് ലൈന്‍ നടപ്പാക്കുന്നതിനെതിരെ സമരരംഗത്തുള്ളവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. രാവിലെ 10.30 ഓടെ കിഴക്കേതല സുന്നി മഹല്‍ പരിസരത്തു നിന്ന് നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.

കുന്നുമ്മല്‍ ജംഗ്ഷന്‍ ഉപരോധിക്കാനാണ് തീരുമാനമെന്നറിയിച്ചെങ്കിലും പൊലീസ് സമരക്കാരെ കടത്തി വിട്ടില്ല. സിവില്‍ സ്റ്റേഷന്‍ കവാടം പൊലീസ് നേരത്തേ അടച്ചിരുന്നു. കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സമര സമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് കുന്നുമ്മല്‍ ദേശീയ പാത ഉപരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അല്‍പ നേരത്തെ വാക്ക് തര്‍ക്കത്തിനും മുദ്രാവാക്യം വിളികള്‍ക്കുമൊടുവില്‍ സമരക്കാര്‍ കോട്ടപ്പടി പൊലീസ് സ്റ്റേഷന് മുന്‍വശം റോഡ് ഉപരോധിക്കുമെന്നറിയിച്ച് തിരിച്ചു പോയി.

എന്നാല്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്തു കൂടെ മാര്‍ച്ച് നേരെ കുന്നുമ്മലിലേക്ക് വരികയായിരുന്നു. ഇതോടെ കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തേക്ക് നീങ്ങി. കുന്നുമ്മലിലെത്തിയ സമരക്കാരും പൊലീസും കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മുഖാമുഖം നിന്നതോടെ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ മഞ്ചേരി റോഡ് വഴിയും കലക്ടറേറ്റിന് സമീപത്തെ താമരക്കുഴി റോഡ് വഴിയുമൊക്കെ തിരിച്ചുവിട്ടു. 12.30 ഓടെയാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.
പ്രതിഷേധ സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമര സമതി കണ്‍വീനര്‍ പി.എ സലാം അധ്യക്ഷനായി. കെ.പി.സി.സി അംഗം എം വിജയകുമാര്‍, കെ.ടി അഷ്റഫ്, മുസ്തഫ മാസ്റ്റര്‍, അഷ്റഫ് പുല്‍പ്പറ്റ, ശിഹാബ്, എം.ഐ റഷീദ്, പി.കെ ബാവ, മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!