മുക്കത്ത് പ്രശ്‌നങ്ങളുണ്ടാക്കിയത് മലപ്പുറത്ത് നിന്നെത്തിയ തീവ്രവാദികള്‍: സിപിഎം

മുക്കത്ത് പ്രശ്‌നങ്ങളുണ്ടാക്കിയത് മലപ്പുറത്ത് നിന്നെത്തിയ തീവ്രവാദികള്‍: സിപിഎം

കോഴിക്കോട് : ഗെയ്ല്‍വിരുദ്ധ സമരത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് മലപ്പുറത്ത് നിന്നും വന്ന വര്‍ഗീയ തീവ്രവാദി സംഘങ്ങളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. മലപ്പുറത്ത് നിന്നും വന്ന എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയതീവ്രവാദ സംഘങ്ങളാണ് സംഘര്‍ഷത്തിന് പിന്നില്‍. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെ കൂടെ ചേര്‍ന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഗെയ്ല്‍ ഉദ്യോഗസ്ഥരെ അക്രമിച്ചതും അക്രമം തടയാനെത്തിയ പോലീസിനെതിരെ സമരക്കാരെ തിരിച്ചുവിടാനായി ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കിയതും തീവ്രവാദ സംഘങ്ങളാണ്. കുഴപ്പമുണ്ടായപ്പോള്‍ ഇവര്‍ രക്ഷപ്പെടുകയും പകരം നാട്ടുകാരെ പോലീസ് പിടിക്കുകയുമാണ് ചെയ്തത്. പോലീസ് സ്‌റ്റേഷന് മുന്നില്‍ കുഴപ്പമുണ്ടാക്കിയതും തീവ്രവാദിസംഘടനയില്‍പെട്ടവരാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ ഊര്‍ജ്ജവികസനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയ്‌ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യു.ഡി.എഫും കോണ്‍ഗ്രസ്‌ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയെന്നത് ഗൗരവാവഹമായ പ്രശ്‌നമായിതന്നെ ജനാധിപത്യമതനിരപേക്ഷ ശക്തികള്‍ കാണണമെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു.

ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം

ഗെയ്ല്‍വിരുദ്ധ സമരത്തിന്റെ മറവില്‍ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്‍ഷം പടര്‍ത്താനുള്ള ചില തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദിഷ്ട കൊച്ചിബാംഗ്ലൂര്‍ വാതകക്കുഴല്‍ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് മലപ്പുറം ജില്ലയില്‍ നിന്നുവന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയതീവ്രവാദി സംഘങ്ങളാണ്. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേര്‍ന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായ തെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഗെയ്ല്‍ ഉദ്യോഗസ്ഥരെ അക്രമിച്ചതും അക്രമം തടയാനെത്തിയ പോലീസിനെതിരെ സമരക്കാരെ തിരിച്ചുവിടാനായി ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കിയതും തീവ്രവാദ സംഘങ്ങളാണ്. കുഴപ്പമുണ്ടായപ്പോള്‍ അക്രമികളായ തീവ്രവാദസംഘടനയില്‍പെട്ടവര്‍ രക്ഷപ്പെടുകയും ഇതില്‍ പങ്കാളികളായ നാട്ടുകാര്‍ പോലീസ് പിടിയിലാവുകയുമാണുണ്ടായത്. ഗെയ്‌ലിന്റെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചവരെ പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുമുമ്പില്‍ ഉപരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതും പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘങ്ങളുടെ നേതാക്കളാണ്.

കേരളത്തിന്റെ ഊര്‍ജ്ജവികസനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയ്‌ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യു.ഡി.എഫും കോണ്‍ഗ്രസ്‌ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയെന്നത് ഗൗരവാവഹമായ പ്രശ്‌നമായിതന്നെ ജനാധിപത്യമതനിരപേക്ഷ ശക്തികള്‍ കാണണം.

അനാവശ്യമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെ മാറ്റിനിര്‍ത്തി ജനങ്ങളുടെ പദ്ധതിക്കെതിരായ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ബാധ്യസ്ഥനായ ഷാനവാസിനെപോലുള്ള ജനപ്രതിനിധി തീവ്രവാദി സംഘത്തോടൊപ്പം ചേര്‍ന്ന് അക്രമം പടര്‍ത്താനാണ് ശ്രമിച്ചത്. അദ്ദേഹം പോലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ പോപ്പുലര്‍ഫ്രണ്ട് നേതാക്കളോടൊപ്പം നേതൃത്വം നല്‍കുകയാണുണ്ടായത്.

യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന് പലയിടത്തും അക്രമാസക്തമായിരിക്കയാണ്. ലീഗ്, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. കുഴപ്പങ്ങള്‍ സൃഷ്ടിച്ച് അക്രമങ്ങള്‍ പടര്‍ത്താനും സര്‍ക്കാര്‍ വിരുദ്ധവികാരം സൃഷ്ടിക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് ഗെയ്ല്‍പദ്ധതിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത്.

കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും വളരെയധികം സഹായകരമാകുന്ന ഈ പദ്ധതിയെ എതിര്‍ക്കുന്നത് ചില ഇസ്ലാമിക തീവ്രവാദി സംഘങ്ങളാണ്. അവര്‍ക്കുപിറകില്‍ ചില നിക്ഷിപ്ത താല്പര്യക്കാരാണ്. ഇത്തരമൊരു ഗെയ്ല്‍വാതക പൈപ്പ്‌ലൈന്‍ പദ്ധതി വന്നുകഴിഞ്ഞാല്‍ വലിയ നഷ്ടം സംഭവിക്കുന്ന തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ടാങ്കര്‍ ലോറി ഉടമകളാണ് ഈ സമരം കുത്തിപ്പൊക്കുന്നതിന് പിറകില്‍. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടപ്പെടുന്ന ഭൂഉടമകളിലും സാധാരണജനങ്ങളിലും തെറ്റായ പ്രചരണങ്ങളിലൂടെ ഭീതിപടര്‍ത്തുകയാണ് തീവ്രവാദി സംഘങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും ധാരണയെത്തിക്കൊണ്ടുമാത്രമെ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളൂ. 4500 കോടി രൂപയുടെ ഒരു കേന്ദ്രനിക്ഷേപപദ്ധതിയുടെ ഭാഗമാണ് വാതകക്കുഴല്‍ പദ്ധതി. ഭൂമിയുടെ നഷ്ടപരിഹാരം ന്യായവിലയുടെ 10% തുകയില്‍ നിന്നും 30% ശതമാനത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനമായതാണ്. അതിലപ്പുറം ഒരുനടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 50% തുക നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉ.എം.എസ് 64/2017/ആര്‍.ഡി പ്രകാരം ഉത്തരവിറക്കി. തെങ്ങിന് 8000, കവുങ്ങിന് 4000 എന്നിങ്ങനെ ദേഹണ്ണങ്ങള്‍ക്ക് നല്ലവിലയിട്ടുകൊടുക്കുകയും ചെയ്തു. മാത്രമല്ല ജനവാസമേഖലകളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അലൈന്‍മെന്റിലേക്ക് നീങ്ങുകയും ചെയ്തു.

ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് പോപ്പുലര്‍ഫ്രണ്ടും സോഡിഡാരിറ്റിയും മതാധിഷ്ഠിതമായ സമരരൂപങ്ങളും ചിഹ്നങ്ങളും വരെ ഉപയോഗിച്ച് സര്‍ക്കാരിനെതിരെ ഈ പ്രദേശങ്ങളിലെ ജനസമൂഹങ്ങളെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചുവിടാന്‍ നോക്കിയത്. ഇത്തരം മതതീവ്രവാദികളുടെയും നിക്ഷിപ്തതാല്പര്യക്കാരുടെയും നീക്കങ്ങളെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സെക്രട്ടറിയേറ്റ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Sharing is caring!