ഗെയ്‌ലില്‍ കത്തി നഗരസഭാ കൗണ്‍സില്‍

ഗെയ്‌ലില്‍ കത്തി നഗരസഭാ കൗണ്‍സില്‍

മലപ്പുറം: ഗെയ്ല്‍ പദ്ധതിയെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം. സമരക്കാര്‍ക്കെതിരായ പോലീസ് അതിക്രമത്തിലും ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതും സംബന്ധിച്ച് നടന്ന ചര്‍ച്ചയയാണ് ബഹളത്തിനിടയാക്കിയത്.

നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയനാണ് വിഷയം അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം മരവട്ടത്തും എരഞ്ഞിമാവലും സമരക്കാരെ അക്രമിച്ച നടപടിയില്‍ കൗണ്‍സില്‍ ഒന്നടങ്കം അപലപിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹാരിസ് ആമിയനെ പിന്തുണച്ച് മറ്റു ഭരണപക്ഷ അംഗങ്ങളും സംസാരിച്ചു. വിഷയത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കമിട്ടത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ സമയത്താണെന്നും അന്ന് തീരുമാനിച്ച സ്ഥലങ്ങളിലൂടെയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ ഒ സഹദേവന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാല്‍ ഭരണപക്ഷത്തെ പിന്തുണക്കാമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തുടങ്ങിയത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്താണെന്നും ഇക്കാര്യം കൂടെ ഉള്‍പ്പെടുത്തിയാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാമെന്ന് ഭരണപക്ഷവും അഭിപ്രായപ്പെട്ടു.

ആവശ്യം അംഗീകരിക്കില്ലെന്ന് നഗരസഭാചെയര്‍പേഴ്‌സന്‍ അറിയിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. വികസനത്തിനെതിരല്ലെന്നും ജനങ്ങളുടെ ആശങ്കയകറ്റിയതിന് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങളോടൊപ്പം നഗരസഭാ കൗണ്‍സില്‍ നലകൊള്ളുമെന്നും അവര്‍ വ്യക്തമാക്കി.

Sharing is caring!