മദ്രസകളില്‍ കുട്ടികളെ ‘അടിക്കരുതെന്ന്’ ബാലവകാശ കമ്മീഷന്‍

മദ്രസകളില്‍ കുട്ടികളെ  ‘അടിക്കരുതെന്ന്’  ബാലവകാശ കമ്മീഷന്‍

മലപ്പുറം: മാനസികമായോ ശാരീരികമായോ കുട്ടികളെ പീഡിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നതു സംബന്ധിച്ച് മദ്രസ്സയിലും കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്താന്‍ മലപ്പുറം ജില്ലയിലെ പൂക്കാട്ടിരി കൗക്കബുല്‍ ഇസ്ലാം സെക്കന്ററി മദ്രസ്സ ഹെഡ്മാസ്റ്റര്‍ക്ക് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ചൂരല്‍ ഉള്‍പ്പെടെ എല്ലാ വടികളും മദ്രസ്സയില്‍നിന്ന് നീക്കി ബാലസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. ലംഘനങ്ങള്‍ ഉണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കൈക്കൊളളുന്ന നടപടികള്‍ തയ്യാറാക്കി അധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും നിര്‍ദ്ദേശിച്ചു.

മദ്രസ്സയിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ മകനെ അധ്യാപകന്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാരോപിച്ച് പൂക്കാട്ടിരി സ്വദേശി കെ. കുഞ്ഞിഹൈദ്രു നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

പരാതിക്കാരന്റെ മകന് മാനസികമായ ഒരു വെല്ലുവിളിയും സഹപാഠികളില്‍ നിന്നോ മുതിര്‍ന്നവരില്‍നിന്നോ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹെഡ്മാസ്റ്ററോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കുട്ടിക്ക് കൗണ്‍സലിങ് ഉള്‍പ്പെടെയുളള സഹായങ്ങള്‍ നല്‍കാന്‍ മലപ്പുറം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം.

Sharing is caring!