അകമ്പാടം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടി പി കെ ബഷീര്‍ ജിദ്ദയില്‍

അകമ്പാടം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടി പി കെ ബഷീര്‍ ജിദ്ദയില്‍

ജിദ്ദ: മക്കയില്‍ വെടിയേറ്റു മരിച്ച അകമ്പാടം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടി പി കെ ബഷീര്‍ എം എല്‍ എ ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച്ച നടത്തി. അകമ്പാടം സ്വദേശിയായ മുനീറിന്റെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് കോണ്‍സല്‍ ജനറലിനോട് ആവശ്യപ്പെട്ടെന്ന് പി കെ ബഷീര്‍ പറഞ്ഞു. ഏറനാട് മണ്ഡലം കെ എം സി സി അംഗങ്ങളോടൊപ്പമാണ് ബഷീര്‍ കോണ്‍സല്‍ ജനറലിനെ സന്ദര്‍ശിച്ചത്.

പാസ്‌പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തുന്നതിന് എടുക്കുന്ന കാലതാമസം ഒഴിവാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി കെ ബഷീര്‍ എം എല്‍ എ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു. കേരളോല്‍സവം വിജയകരമായി നടത്തിയതിന് പി കെ ബഷീര്‍ കോണ്‍സല്‍ ജനറലിനെ അഭിനന്ദിച്ചു.

കെ എം സി സി ഏറനാട് മണ്ഡലം അംഗങ്ങളായ സുല്‍ഫീക്കര്‍ ഓതായി, അസ്‌കര്‍ എടവണ്ണ, നാസര്‍ എളവട്ടൂര്‍ എന്നിവര്‍ എം എല്‍ എയെ അനുഗമിച്ചു.

Sharing is caring!