‘മാമാങ്ക’ത്തിനായി മമ്മൂട്ടി മലപ്പുറത്തെത്തും

‘മാമാങ്ക’ത്തിനായി മമ്മൂട്ടി മലപ്പുറത്തെത്തും

കൊച്ചി: വള്ളുവനാടിന്റെ പോരാട്ടവീര്യം പറയുന്ന മാമാങ്കം സിനിമയാകുമ്പോള്‍ നായകന്‍ മമ്മൂട്ടി മലപ്പുറത്തെത്തും. തിരുന്നാവായ മണപ്പുറത്ത് നടിന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ ചിത്രീകരണവും ഭാരതപ്പുഴയുടെ തീരങ്ങളില്‍ തന്നെയാവും.

നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് നിര്‍മിക്കുന്നത്.

ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീുനിന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.
ചേരസാമ്രാജ്യത്തിന്റെ അധ:പതനത്തോടെ ഉത്സവത്തിന്റെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്‍മാരായിരുന്ന വള്ളുവക്കോനാതിരിമാര്‍ക്ക് ലഭിച്ചു. മാമാങ്കത്തിന് ആതിഥ്യം നല്‍കുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാല്‍ രാജാക്കന്‍മാര്‍ പരസ്പരം മത്സരിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ നേതാവ്. സാമൂതിരിയുടെ മേല്‍ക്കോയ്മയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറു പടയെ തിരുനാവായയിലേക്ക് അയച്ചിരുന്നു. പൂര്‍വികന്‍മാര്‍ക്ക് വേണ്ടി പ്രതികാരം നിര്‍വഹിക്കാനായി ചാവേറു പട സാമൂതിരിയോട് പടപൊരുതിപ്പോന്നു. എ.ഡി 1755 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

 

Sharing is caring!