ആലപ്പുഴയില്‍ മലപ്പുറം മോഡല്‍ സേവനം നടപ്പാക്കി ടി വി അനുപമ

ആലപ്പുഴയില്‍ മലപ്പുറം മോഡല്‍ സേവനം നടപ്പാക്കി ടി വി അനുപമ

മലപ്പുറം: കേരളത്തിന് മലപ്പുറം കാണിച്ചു കൊടുത്ത ജനകീയ സേവന മോഡല്‍ ആലപ്പുഴ ജില്ലയിലും അവതരിപ്പിച്ച് പൊന്നാനിക്കാരിയായ ജില്ലാ കലക്ടര്‍ ടി വി അനുപമ. സേവന സ്പര്‍ശം എന്ന പേരിലാണ് ജനകീയ പ്രശ്‌നങ്ങളും, ദുരന്തമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമേകുന്ന പദ്ധതി നടപ്പാക്കുന്നത്. ജില്ലാ തലത്തില്‍ നടപ്പാക്കുന്ന സേവന പരിഹാര അദാലത്താണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  പൊന്നാനി സ്വദേശിനിയാണ് ആലപ്പുഴ ജില്ലാ കലക്ടറായ ടി വി അനുപമ.

453 പരാതികളാണ് കലക്ടര്‍ക്ക് അദാലത്തില്‍ ലഭിച്ചത്. അതില്‍ 78 എണ്ണം ആദ്യ ദിവസം തന്നെ തീര്‍പ്പാക്കി. ബാക്കി പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നടപടി സ്വീകരിക്കാനായി കൈമാറി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് കലക്ടര്‍ അദാലത്ത് സംഘടിപ്പിച്ചത്.

ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലായതു മൂലം ബുദ്ധിമുട്ടിലായ ഭിന്നശേഷിക്കാരനായ ജീവനക്കാരന്റെ പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ചേര്‍ത്തല നഗരത്തില്‍ ട്രാഫിക് നിയമം പാലിക്കാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ല, അനധികൃത വാഹന പാര്‍ക്കിങ്, വോളിബോള്‍ ക്ലബിന്റെ കോര്‍ട്ടില്‍ ഫ്‌ലഡ് ലൈറ്റ് സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല തുടങ്ങി അഞ്ചു വര്‍ഷം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മകനെ കണ്ടെത്താന്‍ നല്‍കിയ പരാതിയില്‍ പോലീസ് അലംഭാവം കാണിക്കുന്നു എന്നതടക്കമുള്ള പരാതികളാണ് കലക്ടര്‍ക്ക് മുന്നിലെത്തിയത്.

 

Sharing is caring!