തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചതായി സി.പി.എം

തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്  നല്‍കിയിരുന്ന പിന്തുണ  പിന്‍വലിച്ചതായി സി.പി.എം

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയിരുന്ന നിരുപാധിക പിന്തുണ പിന്‍വലിച്ചതായി സിപിഐ എം തവനൂര്‍ ലോക്കല്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് മുഖംതിരിക്കുന്ന നിലപാടിലാണ് പ്രസിഡന്റ് കെ പി സുബ്രഹ്മണ്യനെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു.

പഞ്ചായത്തില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ യോഗത്തില്‍ പ്രസിഡന്റ് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ പ്രസിഡന്റ് യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. തുടക്കത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പ്രസിഡന്റിന് നിര്‍ദേശം നല്‍കിയിരുന്നതാണ്. നിലപാട് മാറ്റാന്‍ പ്രസിഡന്റ് തയാറായില്ല. ഇതോടെയാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

പഞ്ചായത്തിലെ 19 മെമ്പര്‍മാരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒമ്പത് വീതം മെമ്പര്‍മാരാണുള്ളത്. ഏഴാം വാര്‍ഡില്‍നിന്ന് വിജയിച്ച സ്വതന്ത്രന്‍ കെ പി സുബ്രഹ്മണ്യന്‍ യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി. നാലുമാസംകഴിഞ്ഞപ്പോള്‍ യുഡിഎഫ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് പ്രസിഡന്റ് സിപിഐ എം അംഗങ്ങളെ സമീപിച്ചു. പഞ്ചായത്തിന്റെ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി സിപിഐ എം പ്രസിഡന്റിന് നിരുപാധിക പിന്തുണ നല്‍കുകയായിരുന്നു.

പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് പൊന്നാനി ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ടെന്നും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. സിപിഐ എം തവനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ജ്യോതി, എടപ്പാള്‍ ഏരിയാ കമ്മിറ്റിയംഗം കെ പി വേണു, ടി വി ശിവദാസ്, പി മോഹന്‍ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

 

Sharing is caring!