ഹാദിയാ കേസുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മലപ്പുറം/പാലക്കാട്: ഹാദിയാ കേസുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ വ്യക്തമാക്കാതെയാണ് മുന്നോട്ടു പോവുന്നത്. തെറ്റായ നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കേസിന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ കൊല്ലപ്പെടുമെന്നും രക്ഷിക്കണമെന്നുമുള്ള ഹാദിയയുടെ വീഡിയോ ടേപ്പിനെ കുറിച്ച് എന്താണ് നിലപാടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഹാദിയാ വിഷയത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഇടപെടണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ടു തുടര്‍ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് കേസിന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറിയത്.

 

Sharing is caring!