കേരളത്തിലെ കാഴ്ചയില്ലാത്തവരുടെ കലാകായികമേള നാളെ മുതല്‍ തിരൂരില്‍

കേരളത്തിലെ കാഴ്ചയില്ലാത്തവരുടെ  കലാകായികമേള നാളെ മുതല്‍ തിരൂരില്‍

കേരളത്തിലെ കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 28, 29 തിയ്യതികളില്‍ തിരൂരില്‍ കലാകായിക മേള നടത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളിലും ജനറല്‍ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍, കാഴ്ചയില്ലാത്ത പൊതു ജനങ്ങള്‍ എന്നിവര്‍ക്കായാണ് മേള സംഘടിപ്പിക്കുന്നത്. തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളജ്, ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മത്സരം. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കിടക്കുന്ന ഒരു വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കാഴ്ചയില്ലാത്തവരിലെ കായിക സര്‍ണ്മ വാസനകളെ പ്രോത്സാഹിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. കലാമത്സരത്തില്‍ 250 പേരും കായിക മത്സരങ്ങളില്‍ 200 പേരും പങ്കെടുക്കും. ഒമ്പത് ഇനങ്ങളിലാണ് കലാ മത്സരം. കലാ മത്സരങ്ങളുടെ വേദി പോളിടെക്‌നിക് ഓഡിറ്റോറിയവും ക്ലാസ് മുറികളുമാണ്. മേളയുടെ സുഗമമായ നടത്തിപ്പിന് തിരൂര്‍ ആര്‍.ഡി.ഒ ടി.വി.സുഭാഷ് ഐ.എ.എസ് ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്. 28 ന് രാവിലെ 10ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സി.മമ്മൂട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ടി.വി.സുഭാഷ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് കലാമത്സരങ്ങളും ഗാനമേളയുമുണ്ടാകും. 29 ന് തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായിക മത്സരങ്ങള്‍ നടക്കും. മൂന്നരക്ക് ചേരുന്ന സമാപന സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.എസ്.ഗിരീഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ സമ്മാനങ്ങള്‍ സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മത്സരാര്‍ഥികള്‍ക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ അഡ്വ എസ്.ഗിരീഷ്, ആര്‍.കെ.ഹഫ്‌സത്ത്, കെ.ഗോപാലകൃഷ്ണന്‍, സി.ഹബീബ്, പി.ഉണ്ണികൃഷ്ണന്‍, കെ.അബ്ദുള്‍ അസീസ് പങ്കെടുത്തു.

 

 

Sharing is caring!