മുസ്ലിംയുവാവിനൊപ്പം ജീവിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ട് കൊണ്ടോട്ടിയിലെ യുവതി എസ്.പി ഓഫീസില്‍

മുസ്ലിംയുവാവിനൊപ്പം ജീവിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ട്  കൊണ്ടോട്ടിയിലെ യുവതി എസ്.പി ഓഫീസില്‍

താന്‍ പ്രണയിക്കുന്ന ഇതര മതസ്ഥനായ മുസ്ലിംയുവാവിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ട് കൊണ്ടോട്ടി സ്വദേശിയായ യുവതി മലപ്പുറം ജില്ലാ പോലീസ് ഓഫീസിലെത്തി. തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി അഭയം തേടിയാണു ഇന്നലെ വൈകിട്ട് മലപ്പുറം ജില്ലാ പോലിസ് ആസ്ഥാനത്തെത്തിയത്. ജില്ലാ പോലീസ് പോലീസ് മേധാവി ഓഫീസില്‍ ഇല്ലാത്തതിനാല്‍ ഓഫീസില്‍ പരാതി നല്‍കുയും സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു.

അതേ മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ പിതാവ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുകയും കൊണ്ടോട്ടി പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പരാതി നല്‍കിയ ശേഷം യുവതിയേയും കാമുകനേയും പിന്നെ കണ്ടെത്താനായില്ല.

പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊലപ്പെടുത്തുമെന്നു യോഗാ കേന്ദ്രത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നു യുവതി അറിയിച്ചു. കൊണ്ടോട്ടി സ്വദേശിനിയായ 21വയസ്സുകാരി 14വയസ്സുമുതല്‍ നാട്ടുകാരനായ മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ബന്ധം ഉപേക്ഷിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബന്ധുവുമായ രാജേഷ് നിര്‍ബന്ധിച്ചിരുന്നതായും പരാതിയിലുണ്ട്. വഴങ്ങാതെ വന്നപ്പോള്‍ കഴിഞ്ഞ എപ്രില്‍ 15നു യുവതിയെ നിര്‍ബന്ധപൂര്‍വം തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നുവെന്ന് യുവതി പരതിപ്പെട്ടു.

ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതിയുടെ അവസാന വര്‍ഷ പരീക്ഷ പോലും എഴുതാന്‍ അനുവദിക്കാതെയാണു കേന്ദ്രത്തില്‍ ആക്കിയതെന്ന് പറയുന്നു. തുടര്‍ന്ന് യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ പുറത്തായപ്പോള്‍ യുവതിയെ കൊണ്ടോട്ടിയിലെ വീട്ടിലെത്തിക്കുയായിരുന്നു. ശേഷം മറ്റൊരു കേന്ദ്രത്തിലേക്ക് യുവതിയെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കാമുകനൊപ്പം ഇന്നലെ വൈകിട്ട് മലപ്പുറം ജില്ലാപോലീസ് ആസ്ഥാനത്തെത്തിയത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് യുവതിയും യുവാവും പറയുന്നു.

ഞാന്‍ എന്റെ കൂടെപഠിച്ച മുസ്ലിം യുവാവുമായി രാമനാട്ടുകര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന കാലംതൊട്ട് പ്രണയത്തിലാണ്. ഇതു സംബന്ധിച്ച് അക്കാലംതൊട്ട് തന്നെ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. എന്റെ ബന്ധുക്കളും മറ്റു ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചേര്‍ന്ന് കാമുകന്റെ വീട്ടില്‍പോയി ഭീഷണിപ്പെടുത്തുകയും പ്രണയത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുംചെയ്തിരുന്നു.

എന്നാല്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തും ഞങ്ങള്‍ പ്രണയം തുടരുകയും പിരിയാനാകാത്ത വിധം ഞങ്ങള്‍ അടുക്കുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. കാമുകന്റെ പിതാവ് നിരീശ്വരവാദിയാണ്. ഞാന്‍ മുമ്പ് മത വിശ്വാസിയായിരുന്നെങ്കിലും ഫായിസിന് അത് ഇഷ്ടമല്ലെന്ന് അറിഞ്ഞതിന് ശേഷം എനിക്കും അതില്‍ താല്‍പര്യമില്ല. എന്നാല്‍ ഡിഗ്രി അവസാന വര്‍ഷത്തെ അവസാന പരീക്ഷയുടെ 15-04-2017ന് ഞാന്‍ പ്രണയത്തില്‍നിന്ന് പിന്തിരിയാത്തത് കാരണം പിതാവ് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലാണെന്നും വേഗം അമ്മാവന്റെ വീട്ടില്‍ എത്തണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മാതാവും അമ്മയുടെ അനിയത്തി ജിഷയും അവരുടെ ഭര്‍ത്താവും മാതാവിന്റെ ചേച്ചിയുടെ മകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മറ്റൊരാളും ചേര്‍ന്ന് എന്നെ കാറില്‍കയറ്റി തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് അവിടെ എത്തിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ ചെന്നത് എന്ന് എഴുതിയ സമ്മത പത്രത്തില്‍ ഒപ്പിടാന്‍ പറഞ്ഞു. ഞാന്‍ വിസമ്മതിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഇതുപോലെ മറ്റൊരു കേന്ദ്രമുണ്ടെന്നും അവിടേക്ക് മാറ്റുമെന്നും അവിടെ എത്തിയാല്‍ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ലെന്നും മര്‍ദനം മാത്രമാണു ഉണ്ടാവുകയെന്നും പറഞ്ഞു. ഇത് വേണ്ടെങ്കില്‍ ഒപ്പിടാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇതില്‍ ഒപ്പിടുവിച്ചത്. യോഗ കേന്ദ്രത്തില്‍നിന്നും നേരത്തെ രക്ഷപ്പെട്ട ശ്രുതി, ശ്വേത, ആതിര എന്നിവരേയും മറ്റു 65ഓളം സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവസാനം 30പേരാണ് ഉണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്ന എല്ലാവരും മറ്റു മതസ്ഥരെ സ്‌നേഹിക്കുകയോ, വിവാഹം കഴിക്കുകയോ ചെയ്ത ഹൈന്ദവ യുവതികളാണ്. അവിടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്കെല്ലാം മര്‍ദനം ഏറ്റിട്ടുണ്ട്. ശബ്ദം ഉണ്ടാക്കിയാല്‍ വായില്‍ തുണി തിരുകകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കെട്ടിയിടുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടിണ്ടെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. എതിര്‍ത്താല്‍ രക്ഷപ്പെടാന്‍ സാധിക്കില്ലെന്നതിനാല്‍ ഞാന്‍ അവരോട് സഹകരിക്കുന്നതുപോലെ അഭിനയിച്ച് പിടിച്ചു നിന്നു.

പിന്നീട് അഞ്ചുമാസത്തിന് ശേഷം കേസും പ്രശ്‌നവും ഉണ്ടായപ്പോള്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരേയും വീടുകളിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. കേസ് തീര്‍ന്നാല്‍ അവര്‍ വേറെ കേന്ദ്രം തുടങ്ങുമെന്നും അപ്പോള്‍ അങ്ങോട്ട് തന്നെ എന്നെ കൊണ്ടുപോകാനാണു പദ്ധതിയെന്ന് അമ്മയുടെ സംസാരത്തില്‍നിന്ന് മനസ്സിലായപ്പോള്‍ ഞാന്‍ നേരത്തെ ഒളിപ്പിച്ചു വെച്ചിരുന്ന ഫോണില്‍ ഫായിസിനെ വിളിക്കുകയും വീട്ടില്‍നിന്ന് അവനോടൊപ്പം രക്ഷപ്പെടുകയുമാണ് ഉണ്ടായതെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേ സമയം വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു തങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുമെന്നും കൊണ്ടോട്ടി പോലീസ് പറഞ്ഞു.

 

 

Sharing is caring!