മലപ്പുറത്തെ മുസ്ലിംവൃദ്ധയുടെ മൃതദേഹം മറവ് ചെയ്തത് വീട്ടുമുറ്റത്ത്

മലപ്പുറത്തെ  മുസ്ലിംവൃദ്ധയുടെ  മൃതദേഹം മറവ്  ചെയ്തത് വീട്ടുമുറ്റത്ത്

മലപ്പുറം ആനക്കയം പഞ്ചായത്തിലെ പെരിമ്പലത്ത് സുന്നികളല്ലാത്ത മുസ്ലിംകള്‍ക്ക്  മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്കെന്ന് പരാതി. പെരിമ്പലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്കിനെ തുടര്‍ന്ന് വൃദ്ധയുടെ മൃതദേഹം വീട്ടുമുറ്റത്താണ് ബന്ധുക്കള്‍ ഖബര്‍ അടക്കിയത്. പരേതനായ കാക്കമൂലക്കല്‍ മമ്മുട്ടി മാസ്റ്ററുടെ മകള്‍ മൈമൂനത്തിന്റെ മൃതദേഹം ആണ് മകന്‍ റഷീദലി മാസ്റ്ററുടെ പെരിമ്പലം മോസ്‌കോ നഗറിലെ വീട്ട് മുറ്റത്ത് മറമാടിയത്.

മരിച്ച വൃദ്ധയുടെ മകന്‍ മഹല്ല് കമ്മിറ്റിയംഗങ്ങളുടെ മതസംഘടനയില്‍ പെടാത്ത ആളാണ് എന്ന കാരണം പറഞ്ഞാണ് മഹല്ല് കമ്മിറ്റി ഖബറിടം നിഷേധിച്ചതെന്നാണ് പരാതി. കഴിഞ്ഞ മാസം 20ന് ആണ് സംഭവം. മരിച്ച മൈമൂനത്തിന്റെ ബന്ധുക്കള്‍ മയ്യിത്ത് മറമാടാന്‍ ഖബര്‍  ആവശ്യപ്പെട്ടുവെങ്കിലും ഈ ആവശ്യം കമ്മിറ്റി നിരാകരിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് വീട്ട് മുറ്റത്ത് ഖബര്‍ അടക്കിയത്.

 

വഖ്ഫ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളിയാണ് പെരിമ്പലം ജുമുഅത്ത് പള്ളി. വഖ്ഫ് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് പരാതി. ഈ സംഭവത്തിന് ശേഷം പ്രദേശത്തെ സുന്നികളല്ലാത്ത മുസ്‌ലിംകള്‍ക്ക് മഹല്ല് ഖബറസ്ഥാന്‍ അനുവദിക്കേണ്ടതില്ലെന്ന് മഹല്ല് കമ്മിറ്റി ഔദ്യേഗിക തീരുമാനമെടുത്തു. ഇത് മഹല്ല് പ്രസിഡന്റ് കെ.എം. മുഹമ്മദാലി മാസ്റ്റര്‍
സെപ്റ്റംബര്‍ 29ന് ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളിയില്‍ വെച്ച് പ്രഖ്യാപിച്ചതായും പറയുന്നു. നിലവില്‍ ഖബറസ്ഥാന്‍ കമ്മിറ്റി ഏതാനും ഖബറുകള്‍ കുഴിച്ച് വെച്ചിട്ടുണ്ട്.

 

മഹല്ലിലെ ഒരാള്‍ മരിച്ചാല്‍ ഈ ഖബറുകളില്‍ ഒന്ന് അനുവദിക്കലാണ് പതിവ്. എന്നാല്‍, ഇനി മുതല്‍ കുഴിച്ച് വെച്ച ഖബറുകള്‍ സുന്നികള്‍ അല്ലാത്തവര്‍ക്ക് അനുവദിക്കില്ല. മഹല്ല് നിവാസികള്‍ ഇവരുടെ മയ്യിത്ത് സംസ്?കരണത്തിലോ മരണാനന്തര ചടങ്ങുകളിലോ സഹകരിക്കരുത്, ഖബര്‍ കുഴിക്കാന്‍ സഹായിക്കരുത്, മഹല്ലിലെ ഖബര്‍ കുത്തുകാരുടെ സേവനം അനുവദിക്കില്ല, പള്ളി കമ്മിറ്റി കാണിച്ചു തരുന്ന സ്ഥലത്ത് സ്വന്തം നിലക്ക് ഖബര്‍ കുഴിക്കാം, ഇതിന് പള്ളിയുടെ ഉപകരണങ്ങളോ കല്ലോ ഗുരുഡീസോ അനുവദിക്കില്ല എന്നിവയാണ് കമ്മിറ്റിയുടെ മറ്റ് തീരുമാനങ്ങളെന്നും പറയുന്നു.

ഖബറസ്ഥാന്‍ വിലക്കുന്നത് നിയമപരമായി നിലനില്‍ക്കില്ല എന്നത് കൊണ്ടാണ് മഹല്ല് കമ്മിറ്റി ഇത്തരം കര്‍ശന ഉപാധികള്‍ ഉണ്ടാക്കി ഖബര്‍ മുടക്കാന്‍ നോക്കുന്നത് എന്ന് വിലക്കിന് ഇരയായ, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാന വഖ്ഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത പള്ളിയാണ് പെരിമ്പലം ജുമുഅത്ത് പള്ളി. വഖ്ഫ്? ബോര്‍ഡ് നിയമങ്ങള്‍ പ്രകാരം മരിച്ച മുസ്‌ലിംകളുടെ മൃതദേഹം മറമാടാന്‍ അവസരം ഒരുക്കേണ്ടത് മഹല്ല് കമ്മിറ്റിയുടെ നിര്‍ബന്ധിത ബാധ്യതയാണെന്നും മുജാഹിദ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ നിരവധി കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. നേരിട്ടോ ഉപാധികള്‍ നിശ്ചയിച്ചോ ഖബര്‍ വിലക്കാന്‍ കമ്മിറ്റിക്ക്? ഒരു അധികാരവുമില്ല. പെരിമ്പലം മഹല്ല് കമ്മിറ്റിയില്‍ ലീഗിനും സി.പി.എമ്മിനും (എ.പിഫഇ.കെ) അഞ്ച് അംഗങ്ങള്‍ വീതമാണുള്ളത്. ലീഗ് പ്രതിനിധി പ്രസിഡന്റും സി.പി.എം പ്രതിനിധി സെക്രട്ടറിയുമാണ്.

ഈ സംഭവത്തെ തുടര്‍ന്ന് ഈ സംഘടനകളുമായി സഹകരിക്കുന്നവരെ ഖബറിടം അനുവദിക്കില്ലെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ മഹല്ല് ഭാരവാഹികള്‍ ശ്രമിച്ചതായി ആരോപണമുണ്ട്. നിലവില്‍ സുന്നികളല്ലാത്തവര്‍ക്ക് മഹല്ലില്‍ അംഗത്വം നല്‍കുന്നില്ല. ഇവരില്‍നിന്ന് വരിസംഖ്യയും സ്വീകരിക്കുന്നില്ല. അംഗത്വം നല്‍കണമെന്ന് രേഖാമൂലം ജമാഅത്ത് പ്രവര്‍ത്തകര്‍ മഹല്ല് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും കമ്മിറ്റി അംഗീകരിച്ചില്ല.

 

Sharing is caring!