വീട്ടുനമ്പര്‍ നല്‍കാന്‍ ഗ്രാമപ്പഞ്ചായത്തംഗം 3000 രൂപ കൈക്കൂലി വാങ്ങി

വീട്ടുനമ്പര്‍ നല്‍കാന്‍  ഗ്രാമപ്പഞ്ചായത്തംഗം 3000 രൂപ കൈക്കൂലി വാങ്ങി

കാലടി ഗ്രാമപ്പഞ്ചായത്തില്‍നിന്നും വീട്ടുനമ്പര്‍ ലഭിക്കുന്നതിനായി വീട്ടുടമയി ല്‍നിന്നു പണം വാങ്ങിയതായി ആരോപണം. പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ കോലത്രക്കുന്നില്‍ താമസിക്കുന്ന വീട്ടുടമയില്‍നിന്നാണു ഗ്രാമപ്പഞ്ചായത്തംഗം 3000 രൂപ കൈക്കൂലി വാങ്ങി വീടിനു നമ്പര്‍ ഇട്ടുകൊടുത്തായി ആരോപണമുയര്‍ന്നിരിക്കുന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരണം നടത്തുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാണ് ഈ വാര്‍ഡിലെ ജനപ്രതിനിധി. നിലവിലുണ്ടായിരുന്ന വീട് പൊളിച്ചു മാറ്റി പുതിയ വീട് നിര്‍മിച്ചതിനു പഞ്ചായത്തിന്റെ കെട്ടിട നമ്പര്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിവിധ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. അതിനിടെയായിരുന്നു പ്രാദേശിക സിപിഎം പ്രവര്‍ത്തകന്റെ സഹായത്തോടെ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡ് അംഗത്തെ സമീപിച്ചത്. ഇതിനായി 3000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

വീട്ടുടമ പണം നല്‍കിയതോടെ വീടിനു പുതിയ നമ്പര്‍ ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുകയായിരുന്നു. പാര്‍ട്ടി ഭരണം നടത്തിവരുന്ന പഞ്ചായത്തില്‍ വീടിനു നമ്പറിടാനായി കൈക്കൂലി വാങ്ങിയ ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്ന് ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന രീതി നടക്കുന്നതായി നേരത്തെയും കാലടിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം സിപിഎം വിളിച്ചു ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തക യോഗത്തില്‍ ഇതു സംബന്ധിച്ച് വാക്കേറ്റവും പ്രവര്‍ത്തകരുടെ ഇറങ്ങിപ്പോക്കുമുണ്ടായതായണറിയുന്നത്. വിവാദങ്ങള്‍ ഒഴിവാക്കുന്നതിനും പ്രശ്നപരിഹാരത്തിനുമായി പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അടിസ്ഥാനത്തില്‍ ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചതായണറിയുന്നത്.

Sharing is caring!