സംസ്ഥാന സ്‌കൂള്‍ മീറ്റിലും മറ്റൊരു മലപ്പുറം മാതൃക

പാലാ: പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലും മലപ്പുറം മാതൃക. ”അനക്കതു പറ്റും, ഇയ്യത് ചാടി റെക്കോഡെടുക്കണം”. കലശലായ മുട്ടുവേദന കടിച്ചമര്‍ത്തി മടങ്ങുമ്പോള്‍ മലപ്പുറത്തുകാരി റൂബീന നല്‍കിയ ഊര്‍ജം കുറച്ചൊന്നുമല്ല കൂട്ടുകാരിയെ ഉത്തേജിപ്പിച്ചത്. ലാസ്റ്റ് ചാന്‍സില്‍ ജിഷ്ന ചാടി, ദേശീയ റെക്കോഡിനുമപ്പുറം.

സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപ് പിറ്റിലാണ് സ്നേഹത്തില്‍ ചാലിച്ച മലപ്പുറത്തിലന്റെ ഹൃദ്യതയും കാപട്യമില്ലാത്ത പിന്തുണയും കണ്‍മുന്നിലേക്കോടിയെത്തിയത്. കായികമേളകളില്‍ തോറ്റു പിന്‍മാറുമ്പോഴും പാതിവഴിയില്‍ ട്രാക്ക് വിടുമ്പോഴും സാധാരണ കാണുക കണ്ണീരോടെയുള്ള മടക്കമായിരിക്കും. ട്രാക്കിലും പിറ്റിലും ഒപ്പമുണ്ടായിരുന്നവരെ ആശ്വസിപ്പിക്കാനോ, പിന്തുണയ്ക്കാനോ പലപ്പോഴും മടക്കത്തിനിടെ സാധിക്കണമെന്നില്ല, അധികമാരും മെനക്കെടാറുമില്ല. ട്രാക്കിനകത്തും പുറത്തും വിജയാഹ്ലാദത്തിന്റെ ഇരമ്പമോ പരാജയത്തിന്റെ ദുഖഭാരമോ ആവും വികാരങ്ങളായി പ്രതിഫലിക്കുക. ഇവിടെയാണ്
മലപ്പുറം തവനൂര്‍ ഐഡിയല്‍ സ്‌കൂളിലെ റുബീനയുടെയും ജിഷ്നയുടെ ആലിംഗനം അര്‍ഥവത്താവുന്നത്.

സംസ്ഥാന, ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്തു സുഹൃത്തുക്കളായതാണ് റുബീനയും ജിഷ്നയും. ഇന്നലെയും ഇരുവരും തമ്മിലായിരുന്നു അവസാനവട്ട ഏറ്റുമുട്ടല്‍. ഒടുക്കം സ്വര്‍ണം നേടിയ പാലക്കാട് കെഎച്ച്എസിന്റെ എം ജിഷ്ന 1.70 എന്ന ദേശീയ റെക്കോഡിനൊപ്പവും വെള്ളിയണിഞ്ഞ മലപ്പുറം കടക്കാശ്ശേരി ഐഡിയലിലെ കെ എ റുബീന 1.68 മീറ്ററിലുമെത്തി. തുടര്‍ന്ന് റെക്കോഡ് മറികടക്കാന്‍ ജിഷ്നയ്ക്കും നില മെച്ചപ്പെടുത്താന്‍ റുബീനയ്ക്കും അവസരം നല്‍കുകയായിരുന്നു. ജിഷ്ന ഉയരം താണ്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കേയാണ് റൂബീനയ്ക്ക് ശക്തമായ മുട്ടുവേദന അനുഭവപ്പെട്ടു തുടങ്ങിയത്. പരിശ്രമം വിജയിക്കാതെ വന്നതോടെ റുബീന പിന്‍മാറി.

വേദന കടിച്ചമര്‍ത്തി മടങ്ങുന്നതിനിടെ ജിഷ്നയെ ചേര്‍ത്തുപിടിച്ച് റുബീന പറഞ്ഞു ”ഇയ്യത് ചാടണം, അനക്കതു പറ്റും”. അവസാന ശ്രമത്തിനു മുന്നേ അരികിലെത്തി തന്നെ ചേര്‍ത്തുനിര്‍ത്തിയ കൂട്ടുകാരിക്കു കൊടുത്ത വാക്കുപോലെ, ജിഷ്ന ചാടി, ദേശീയ റെക്കോഡും മറികടന്ന്…

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *