ജനംടിവിയെ പരിഹസിച്ച് പികെ ഫിറോസ്‌

ജനംടിവിയെ പരിഹസിച്ച് പികെ ഫിറോസ്‌

കോഴിക്കോട്: മിശ്രവിവാഹം നടത്തിയതിന്റെ പേരില്‍ മഹല്ലില്‍ നിന്നും വിലക്കിയതിനെതിരെ ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത തന്റെ അഭിപ്രായമല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയവരുടെ ജീവിത വ്യവഹാരത്തില്‍ സഹകരിക്കരുതെന്നാണ് പറയുന്നതെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും അങ്ങനെയൊരു നടപടി സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും പികെ ഫിറോസിന്റെ നിലപാടെന്ന പേരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഒരു വ്യക്തിയ്ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങളുടെ ലംഘനമാണിതെന്നും പികെ ഫിറോസ് പറഞ്ഞതായി വാര്‍ത്തിയിലുണ്ടായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലാണ് ഓണ്‍ലൈന്‍ പത്രത്തില്‍ വന്നത് തന്റെ അഭിപ്രായമല്ലെന്ന് പികെ ഫിറോസ് വിശദീകരിച്ചത്. വിഷയത്തില്‍ ജനം ടിവിയുടെ നിലപാടിനെ പരിഹസിച്ചും പികെ ഫിറോസ് രംഗത്ത് വന്നിട്ടുണട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനം ടി വി യില്‍ നിന്നും വിളിച്ചിരുന്നു. പാണ്ടിക്കാട് ഒരു മഹല്ല് കമ്മിറ്റി മിശ്രവിവാഹം നടത്തിയതിന്റെ പേരില്‍ കുടുംബത്തെ ഊര് വിലക്കിയിട്ടുണ്ടല്ലോ എന്നായിരുന്നു ചോദ്യം.
എന്റെ പ്രതികരണമിങ്ങനെ
‘ ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മഹല്ല് കമ്മിറ്റിയുടെ കത്ത് ശ്രദ്ധയില്‍ പെട്ടു. ആ കത്തില്‍ ഏതെങ്കിലും കുടുംബത്തെ ഊര് വിലക്കിയതായി പറയുന്നതായി എനിക്ക് തോന്നിയിട്ടില്ല’
വീണ്ടും ചോദ്യം
അവതാരക കത്ത് വായിക്കുന്നു. കുടുംബവുമായി മഹല്ലിലെ അംഗങ്ങള്‍ സഹകരിക്കരുത് എന്ന് പറഞ്ഞാല്‍ ഊര് വിലക്കല്ലേ?
മറുപടി
‘ഊര് വിലക്കാണോ ഉദ്ധേശിച്ചത് എന്ന് പറയേണ്ടത് മഹല്ല് കമ്മിറ്റിയാണ്. ഊഹിച്ച് അഭിപ്രായം പറയാനും ജനം ടി വി യുടെ താല്‍പ്പര്യമനുസരിച്ച് പ്രതികരിക്കാനും എനിക്കാവില്ല. ഏത് കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ ആ കമ്മിറ്റികള്‍ക്ക് അധികാരമുള്ളത് പോലെ മഹല്ല് കമ്മിറ്റിക്കും അത്തരം അധികാരമുണ്ട്. അതേ സമയം സഹകരിക്കരുത് എന്നുദ്ധേശിച്ചത് അവരുടെ ജീവിത വ്യവഹാരങ്ങളോടാണെങ്കില്‍ അതിനോട് യോജിപ്പില്ല’.
വീണ്ടും ചോദ്യം
ഇത്തരം വിവാഹങ്ങളോട് യൂത്ത് ലീഗിന് എതിര്‍പ്പുണ്ടോ?
മറുപടി
‘ മുസ് ലിം ലീഗ് വിവാഹം മുടക്കുന്ന പാര്‍ട്ടിയല്ല. ആയിരക്കണക്കിന് നിര്‍ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുത്ത പാര്‍ട്ടിയാണ്. അതാണ് ലീഗിന്റെ പാരമ്പര്യം ‘
അങ്ങേ തലക്കല്‍ നിന്ന് കേട്ടത്
ഉടനെ ഒരു ചെറിയ ഇടവേള

പിന്‍കുറിപ്പ്: നാരദാ ന്യൂസില്‍ കണ്ടത് എന്റെ അഭിപ്രായമല്ല.

Sharing is caring!