ഫിത്‌നയെയും ഫസാദിനെയും ഭയക്കുന്നില്ല: ഇ ടി

ഫിത്‌നയെയും  ഫസാദിനെയും  ഭയക്കുന്നില്ല: ഇ ടി

പത്തനംതിട്ട: യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിന് പിന്നാലെ സമസ്തക്ക് മറുപടിയുമായി വീണ്ടും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍.
ഫിത്‌നയെയും ഫസാദിനെയും ഭയക്കുന്നില്ല. മുസ്ലിം ലീഗ് വിശാലമായ പ്ലാറ്റ്‌ഫോമുള്ള പാര്‍ട്ടിയാണ്. ഖാദിയാനികള്‍ ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകളെയും കോര്‍ത്തിണക്കേണ്ട ദൗത്യമാണ് മുസ്ലിം ലീഗിനുള്ളത്. എല്ലാ സംഘടനകളുടെയും സംഭാവനകള്‍ ഇതിലുണ്ട്. മതപരമായ വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് പറയുന്നത് ശരിയല്ല. എല്ലാവര്‍ക്കും പ്രബോധന ദൗത്യം നിര്‍വഹിക്കാനുണ്ട്.

രാഷ്ട്രീയക്കാര്‍ അഭിപ്രായം പറഞ്ഞതിന് തൊലി പോകുമെന്ന ഭീഷണിയും ശരിയല്ല. പത്തനംതിട്ട ചരല്‍കുന്നില്‍ നടന്ന എം എസ് എഫ് സംസ്ഥാന പ്രതിനിധി ക്യാമ്ബിലായിരുന്നു ഇ ടി മുഹമ്മദ് ബശീര്‍ സമസ്തക്കെതിരെ തുറന്നടിച്ചത്.

കഴിഞ്ഞ ദിവസം പി കെ ഫിറോസും ഇവര്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗിനെ ഒരു മതസംഘടനക്കും തീറെഴുതി നല്‍കിയിട്ടില്ലെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും എന്ത് അഭിപ്രായം പറയണമെന്നും മത സംഘടനകള്‍ തീരുമാനിക്കേണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇസ്ലാമിക കാര്യത്തില്‍ സമസ്ത അഭിപ്രായം പറയും, ഇത് രാഷ്ട്രീയക്കാര്‍ അനുസരിക്കേണ്ടിവരുമെന്ന് എസ് കെ എസ് എസ് എഫ് സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞതിനെതിരെയാണ് ഇന്നലെ ഇ ടി മറുപടിയുമായി രംഗത്തുവന്നത്.

Sharing is caring!