പി.കെ ഫിറോസിനെതിരെ സമസ്ത

പി.കെ ഫിറോസിനെതിരെ സമസ്ത

മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെ സമസ്ത. മുസ്ലിംലീഗ് നിലപാടുകള്‍ ഒരുസംഘടനയ്ക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് പി.കെ ഫിറോസ് നടത്തിയ പ്രസ്താവനക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് സമസ്ത. ഇതുസംബന്ധിച്ച് സമസ്തയുടെ പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നുപോലും കനത്ത പ്രതിഷേധവും സൈബര്‍ആക്രമണങ്ങളുമാണു നടക്കുന്നത്. ഫിറോസ് നടത്തിയ പത്രസമ്മേളനത്തിന്റെ ശബ്ദരേഖയും ഫിറോസിനെതിരെ പ്രസംഗിച്ച എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്റെ വീഡിയോക്ലിപ്പും ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെ സമസ്ത പ്രവര്‍ത്തകര്‍തന്നെ വ്യാപകമായി പ്രചരിപ്പിച്ചുകഴിഞ്ഞു.

സമസ്തക്കെതിരെ പ്രസ്താവന നടത്തിയ ഇ.ടിമുഹമ്മദ് ബഷീറിനെതിരെ നേരത്തെ സംയുക്തപ്രസ്താവന ഇറക്കിയ സമസ്ത പണ്ഡിതസഭ ഇനിയും ഇത്തരത്തില്‍ അവഹേളന പ്രവണതകള്‍ വെച്ചുപൊറിപ്പിക്കാനാകില്ലെന്ന നിലപാടിലാണ്. ഇതുസംബന്ധിച്ചു പാണക്കാട് ഹൈദരലി തങ്ങളുമായി സമസ്ത നേതാക്കള്‍ കൂട്ടിക്കാഴ്ച്ച നടത്തും. വസ്തുതകള്‍ വസ്തുതായി സമസ്ത പറയുമെന്നും അത് ആരോടും പറയുമെന്നും ഇത് സമസ്തയുടെ പ്രതിജ്ഞാബദ്ധമായ നിലപാടാണെന്നുമാണ് ഇന്നലെ സമസ്തയുടെ ഔദ്യോഗിക ചടങ്ങില്‍വെച്ചു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ്പൂക്കോട്ടൂര്‍ പ്രസംഗിച്ചത്. ഇസ്ലാമിക കാര്യങ്ങളില്‍ സമസ്ത അഭിപ്രായം പറയുമെന്നും ഇത് രാഷ്ട്രീയക്കാര്‍ അനുസരിക്കേണ്ടിയുംവരും.

പണ്ഡിതസഭ തങ്ങളെ നിയന്ത്രിക്കേണ്ടെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, പി.കെ ഫിറോസിന്റെ പ്രസ്താവന ധിക്കാരപരമാണെന്നും ഇത് തിരുത്തേണ്ടിവരുമെന്നും അല്ലെങ്കില്‍ തിരുത്തിക്കുമെന്നും ഇന്നലെ വളാഞ്ചേരിയില്‍നടന്ന എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന ത്വലബാ ക്യാമ്പയ്‌നില്‍ അബദുസമദ് പൂക്കോട്ടൂര്‍ പ്രസംഗിച്ചത്. ഈ പ്രസംഗം സമസ്‌യുടെ പ്രവര്‍ത്തകര്‍ ഹര്‍ശാരവത്തോടെയാണ് എതിരേറ്റത്.

ഇതിനു മുമ്പു സമസ്തക്കെതിരെ പ്രസ്താവന നടത്തിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരത്തില്‍ വീണ്ടും നിരുത്തരവാദവും പണ്ഡിതസഭയെ അവഹേളിക്കുന്ന പ്രവണതകള്‍ വര്‍ധിക്കാന്‍ കാരണമായതായി സമസ്ത ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി ലീഗ് നേതൃത്വം സ്വീകരിച്ചെങ്കില്‍ മാത്രമെ സമസ്തയുടേയും ലീഗിന്റേയും ബന്ധവും സമുദായ ഉന്നതിയും പ്രാപ്യമാകൂവെന്നും സമസ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം പരസ്യപ്രസ്താവനകള്‍ ലീഗിനും സമുദായത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വടികൊടുക്കാനെ സഹായിക്കൂവെന്നും ഇതിന് മാറ്റംവേണമെന്നും ചൂണ്ടിക്കാട്ടിയാകും സമസ്തനേതാക്കള്‍ പാണക്കാട് ഹൈദരലി തങ്ങളും ലീഗ് നേതൃത്വവുമായും ചര്‍ച്ച നടത്തുക. നേരത്തെ മുത്തലാഖ്, വിവാഹപ്രായം, സ്ത്രീകളുടെ ചേലാകര്‍മം വിഷയങ്ങളിലും പി.കെ ഫിറോസ് സമസ്ത നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. പിന്നീട് ഈ വിഷയത്തില്‍ ഫിറോസ് സമസ്തയോട് മാപ്പുപറഞ്ഞതായി സമസ്തയുടെ മുഖപത്രംതന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

അതേ സമയം ഇത്തരത്തില്‍ പി.കെ ഫിറോസിനെതിരെ സൈബര്‍ആക്രമണം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഇന്നലെ രംഗത്തുവന്നു. ഒരു പ്രസ്താവനയുടെ പേരില്‍ ഇത്തരത്തില്‍ സംഘടിതമായി പി.കെ ഫിറോസിനെതിരെ സൈബര്‍ആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഫിറോസ് പറഞ്ഞ നിലപാടിനോട് യോജിക്കുന്നത് പോലെ വിയോജിക്കുന്നതിനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. പറഞ്ഞ വാക്കുകളില്‍ വീഴ്ചയുണ്ടായാല്‍ തിരുത്താനുള്ള ജനാധിപത്യ ബോധവും ഫിറോസിനുണ്ടെന്നും നജീബ് തന്നെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

Sharing is caring!